oceana

ക്നാനായ സമുദായം ഒരു സ്വതന്ത്ര സഭയാകേണ്ടിയിരിക്കുന്നു | ഷിനോയ് മഞ്ഞാങ്കൽ

Clintis Thekumkattil  ,  2018-01-21 11:51:53pmm

മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച ഭാരതസഭ ആത്മീയവും ഭൗതികവുമായി  ക്ഷയിച്ചുകൊണ്ടിരുന്ന  കാലഘട്ടത്തിൽ, സഭയെ ശക്തിപ്പെടുത്തുക എന്ന പ്രേഷിത ടൗത്യവുമായി, എ ഡി 345 ൽ, ക്നായിത്തൊമ്മയുടെ നേതൃത്വത്തിൽ കേരളക്കരയിലെത്തിച്ചേർന്ന ക്നാനായ ജനത, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു സഭയ്ക്കും സമുദായത്തിനും അഭിമാനമായി ഒരുമയിൽ ഇന്നും നിലനിൽക്കുന്നു. 

ഈ സമുദായത്തിന്റെ നന്മ ആഗ്രഹിക്കാത്തവർ കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും നമ്മളെ തളർത്താനും തകർക്കാനും ശ്രെമിച്ചുകൊണ്ടേയിരുന്നു. സമുദായത്തിന്റെയും സംഘടനയുടെയും വിവിധ തലങ്ങളിൽ വിള്ളലുണ്ടാക്കുവാനായി വിഘടിപ്പിച്ചും ഭിന്നിപ്പിച്ചും ഭരിക്കുക എന്ന നയത്തെ പലരും ആയുധമാക്കി. അത് ഒരുപരിധിവരെ വിജയിച്ചു എന്നുതന്നെയാണ് അവർ വിചാരിക്കുന്നതും സമകാലിക സംഭവ വികാസങ്ങൾ തെളിയിക്കുന്നതും. 
രൂപത നേതൃത്വവും  അൽമായരുമായി അകൽച്ചയുണ്ടായി, ഇടവകകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങി, ലോകമെമ്പാടും ക്നാനായ മിഷൻ- അസോസിയേഷൻ എന്ന പേരിൽ പോരാട്ടങ്ങൾ ഉണ്ടായി, അങ്ങനെ അമ്മയെ തല്ലിയാലും രണ്ടുകൂട്ടർ ഉണ്ടാകുന്ന സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ സമുദായം ഒരുപരിധിവരെ എത്തിച്ചേർന്നു അല്ലെങ്കിൽ അതിനായി അശ്രാന്തം പരിശ്രെമിച്ചവർ വിജയം കണ്ടു എന്നുവേണം കരുതാൻ.
ക്നാനായ സമുദായത്തെ ചരിത്ര താളുകളിൽനിന്നേ പറിച്ചെടുത്തു കളയാനുള്ള പരിശ്രെമങ്ങൾ അണിയറയിൽ നടന്നുകൊണ്ടേയിരുന്നു. അറിഞ്ഞോ അറിയാതെയോ ഉത്തരവാദിത്വപ്പെട്ടവരിൽ ചിലരെങ്കിലും അതിനു കൂട്ടുനിന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. 
സഭാചരിത്രത്തിൽ നിന്നുതന്നെ അറുത്തെറിഞ്ഞു, ഇരുളഴിക്കുള്ളിലാക്കി, അവസാന ആണിക്കിട്ടുള്ള അടി ഇതാ തുടങ്ങിയിരിക്കുന്നു. ഇപ്പോഴടിക്കുന്ന ആണി, ക്നാനായക്കാരുടെ അസ്ഥിത്വമടങ്ങുന്ന പെട്ടിയിലല്ല, മറിച്ചു ഞങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലകയിലാണെന്ന് ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. 
ഇനിയങ്ങോട്ട് ആസന്നമായ പോരാട്ടത്തിന്റെ, അന്തിമമായ പോരാട്ടത്തിന്റെ സമയമാണ്, നമ്മുടെ പൂർവികന്മാർ രക്തവും ജീവനും നൽകി കാത്തുപരിപാലിച്ച നമ്മുടെ പൈതൃകവും പാരമ്പര്യവും ജന്മാവകാശങ്ങളും കാത്തുസംരക്ഷിക്കുന്നതിനായുള്ള പോരാട്ടം. ഉയിർത്തെഴുന്നേല്പ്പിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും ഇതിലും വലിയ പരീക്ഷയും അവസരവും ഇനിയുണ്ടാകാനില്ല.
ആരൊക്കെ നമ്മുടെ സമുദായത്തെ തകർക്കാൻ നോക്കിയോ, അതിനെല്ലാം മറുപടിയായി പ്രവർത്തിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. ഇവിടെ സമവായ ചർച്ചകളോ പരിഹാര നടപടികളോ അല്ല നടക്കേണ്ടത്, അങ്ങനെ എന്തെങ്കിലും സമവായ ചർച്ചകളിലൂടെ ഇപ്പോൾ ഈ പ്രശ്നത്തെ താൽക്കാലികമായി തണുപ്പിച്ചാൽ അതിനർത്ഥം അവസാന ആണി കേറാൻ തുടങ്ങി എന്നുതന്നെയാണ്. ഇതാവണം നമ്മുടെമേലുള്ള അവസാന ആക്രമണം. ഇത് ദൈവം നമുക്ക് കൊണ്ടുത്തന്ന സുവർണാവസരമാണ്. സകല കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്രയാകാനുള്ള സുവർണ്ണാവസരം. ഈ ഒരവസരത്തെ എങ്ങനെ നാം പ്രയോജനപ്പെടുത്തുന്നുവോ അങ്ങനെയായിരിക്കും ഇനി നമ്മുടെ സമുദായ ഭാവി. 
റോമിനെ പരിശുദ്ധ സിംഹാസനമായും സിറോ മലബാർ സഭയെ അമ്മയായും പുൽകി ജീവിച്ചിരുന്ന ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനു രണ്ടേ രണ്ടു വഴികളെ ഉള്ളു എന്ന നിലയിലേക്ക് ഈ സംഭവവികാസങ്ങളെ മാറ്റിയെടുക്കുവാൻവേണ്ടി നാം സംഘടിക്കേണ്ടിയിരിക്കുന്നു. സമവായ ചർച്ചകളല്ല സമയ ബന്ധിതമായ തീർപ്പുകളാണ് ഇനി ഉണ്ടാവേണ്ടത്.
നമുക്കുമുന്നിൽ രണ്ടേ രണ്ട് ലക്ഷ്യങ്ങൾ, നമ്മൾ പരിശ്രെമിക്കേണ്ടതും ഈ കാര്യങ്ങൾക്കു മാത്രം..
1, ഈ പ്രശ്നത്തിന്റെ വെളിച്ചത്തിൽ, ക്നാനായ സമുദായത്തെയും നമ്മുടെ വിശ്വാസങ്ങൾ, പൈതൃകം, പാരമ്പര്യങ്ങൾ എന്നിവയെയും ഉൾക്കൊണ്ടുകൊണ്ട്, അംഗീകരിച്ചുകൊണ്ട്, ലോകമെമ്പാടുമുള്ള ക്നാനായക്കാരുടെമേൽ, കോട്ടയം അതിരൂപതാധ്യക്ഷന് അധികാരം ലഭ്യമാക്കികൊണ്ട്, ക്നാനായ അതിരൂപതയായി സിറോ മലബാറിനോടും റോമിനോടും ചേർന്നുനിന്നുകൊണ്ടു തുടരാൻ അനുവദിക്കുക.
2, ഇത് അനുവദിക്കുന്നില്ലെങ്കിൽ, സിറോ മലബാറിന്റെയും, റോമിന്റെയും ചട്ടക്കൂടുകളിൽനിന്നും പുറത്തുവന്ന്, ഒരു സ്വതന്ത്ര സഭയായി നിലകൊള്ളുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും, അതിനായി, എത്രയും വേഗം, ലോകമെമ്പാടുമുള്ള ക്നാനായ മക്കളെ ഒരുമിച്ചുകൂട്ടുവാനായി പരിശ്രെമിക്കുകയും ചെയ്യുക. 
ഈ മേല്പറഞ്ഞവയിൽ രണ്ടിലൊന്ന് തീരുമാനമെടുക്കുവാൻ അതിരൂപതാ നേതൃത്വം തയ്യാറാവുകയും, അൽമായ-യുവജന സംഘടനകൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും വേണം. മറിച്ചു ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നത്തെ, താൽക്കാലികമായി പരിഹരിച്ചു മുന്നോട്ടുപോകുവാൻ തിരുമാനിക്കുകയാണെങ്കിൽ, ഇനിയുണ്ടാകുന്ന കൊടുങ്കാറ്റിൽ, ക്നാനായ സമുദായം എന്ന നാമത്തിനു പിടിച്ചുനിൽക്കാൻ സാധിച്ചെന്നു വരില്ല. 
ചിന്തിക്കുക, ആത്മാഭിമാനം പണയം വെച്ച് എത്രനാൾ നമുക്ക് ജീവിക്കാൻ സാധിക്കും??? പുതുതലമുറകൾ സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ചില ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട്, നമ്മുടെ പൂർവികന്മാരുടെ വിയർപ്പിന്റെയും, കഷ്ടപ്പാടിന്റെയും, യാതനകളുടെയും ഫലമായ ഈ ക്നാനായ സമുദായത്തെ ബലികൊടുക്കണമോ.. അതോ നവയുഗ സൃഷ്ടിക്കായി സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങണോ എന്ന് നമുക്ക് തീരുമാനിക്കാം..
സ്നേഹപൂർവ്വം 
ഷിനോയ് മഞ്ഞാങ്കൽ 
Former KCYL President

 

 Latest

Copyrights@2016.