india

ക്നാനായ സമുദായം പ്രതിസന്ധികളെ അതിജീവിക്കുന്ന സമൂഹം : മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിയില്‍

Clintis Thekumkattil  ,  2017-12-04 11:43:03amm

ഡല്‍ഹി: ക്നാനായ സമുദായം സകല പ്രതിസന്ധികളേയും അതിജീവിക്കുന്ന സമൂഹമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിയില്‍. ഡല്‍ഹി ക്നാനായ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസപ്പൊട്ടാമിയയില്‍ നിന്നും എ.ഡി. 345 ല്‍ പൂര്‍വ്വികരുടെ 72 കുടുംബങ്ങള്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയപ്പോള്‍, അവര്‍ തങ്ങളുടെ യാത്രയില്‍ അതിജീവിച്ച പ്രതിസന്ധികള്‍ പുതുതലമുറയ്ക്ക് സങ്കല്പ്പിക്കാവുന്നതിനുമപ്പുറമായിരുന്നുവെന്നും, നാല്‍പതുകളുടെ തുടക്കത്തില്‍ ക്നാനായ സമുദായം നടത്തിയ സംഘടിത മലബാര്‍ കുടിയേറ്റവും, അറുപതുകളില്‍ നടത്തിയ അമേരിക്കന്‍ കുടിയേറ്റവും സകല പ്രതിസന്ധികളേയും അതിജീവിച്ചുകൊണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വിവിധ രാജ്യങ്ങളില്‍ സ്വന്തമായ സഭാ സംവീധാനങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞ ക്നാനായ സമൂഹം ഇന്നു ഡല്‍ഹിയില്‍ നേരിടുന്ന വെല്ലുവിളികള്‍ താല്‍ക്കാലികം മാത്രമാണെന്നും, അതിനെ അതിജീവിക്കുവാനുള്ള ആര്‍ജ്ജവം ഈ സമുദായത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷമയോടും പ്രതീക്ഷയോടും കൂടി സഭാ പിതാക്കന്മാരില്‍ വിശ്വാസമര്‍പ്പിച്ച് സഭയോടു ചേര്‍ന്നു നിന്നാല്‍ സഭയുള്ളിടത്തോളം കാലം ഈ സമുദായവും നിലനില്‍ക്കുമന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഡല്‍ഹിയിലെ ക്നാനായക്കാരുടെ ഉത്സവമായി മാറിയ ക്നാനായ സംഗമത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയുടെ വിവിധ മേഘലകളില്‍ വസിക്കുന്ന ക്നാനായക്കാര്‍ സംഗമ നഗരിയായ ഗോള്‍ഡഖാന കമ്മ്യൂണിറ്റി സെന്ററില്‍ ഒത്തുകൂടി. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സേവനമനുഷ്ടിക്കുന്ന ക്നാനായ സമുദായംഗങ്ങളായ വൈദീകരും സന്ന്യസ്തരും സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് യുവജനങ്ങല്‍ക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറും നടന്നു. കൂടാരയോഗങ്ങള്‍ സംയുക്തമായി അവതരിപ്പിച്ച ദൃശ്യ സംഗീത വിരുന്ന്‍ കലയുടെ വര്‍ണ്ണ വിസ്മയം വിരിയിച്ചു.

ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ പ്രസിഡന്റ്‌ കെ.സി.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി രാജു പി.ജെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. “ഡല്‍ഹി ക്നാനായ സമൂഹം – ഒരു അവലോകനം” എന്ന വിഷയത്തില്‍ മിഷന്‍ വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് പാലക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. മിഷന്‍ പ്രസിഡന്റ്‌ കെ.സി.ജോസഫ്‌, മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. കുര്യന്‍ വെള്ളായിക്കല്‍, കോട്ടയം അതിരൂപത ഡയസ്‌പോറ ഇന്‍ചാര്‍ജ്ജ് ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ. സ്റ്റാന്‍ലി കൊഴിച്ചിറ, ഫാ. ശീതള്‍, സിസ്റ്റര്‍ ട്രീസ, ഡി.സി.എസ് സെക്രട്ടറി പി.റ്റി. മാത്യു , കെ.സി.സി. സെക്രട്ടറി ടോമി തൈത്തറപ്പേല്‍, വനിതാ ഫോറം പ്രസിഡന്റ്‌ ബിന്ദു സജി, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ തോമസുകുട്ടി, മിഷന്‍ ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.