india

തിളക്കമുള്ള ഓര്‍മകളുമായി "ജൂവല്‍സി"ലെ ആറുപേര്‍കൂടി ബി.സി.എമ്മിന് യാത്രപറഞ്ഞു

Editor  ,  2017-03-18 11:48:57amm ക്ലിന്റിസ് ജോർജ്ജ്

കോട്ടയം: തിളക്കമുള്ള ഓര്‍മകളുമായി "ജൂവല്‍സി"ലെ ആറുപേര്‍കൂടി ബി.സി.എമ്മിന് യാത്രപറഞ്ഞു. ജൂവല്‍സ് - 16 അധ്യാപികമാരുടെ കൂട്ടായ്മ. യാത്രകളും കൂടിച്ചേരലുകളുമായി ജീവിതം ആഘോഷമാക്കി അവര്‍. ബി.സി.എമ്മിലെ ഈ ഒത്തൊരുമയില്‍നിന്ന് ആറുപേര്‍കൂടി കോളേജിന്റെ പടിയിറങ്ങുകയാണ്; പതിവുപോലെ ആഹ്ലാദത്തിമിര്‍പ്പോടെ. യാത്രയയപ്പില്‍ മുത്തായും സ്വത്തായും അഭിമാനമായുമൊക്കെയാണ് സഹപ്രവര്‍ത്തകര്‍ ഇവരെ വിശേഷിപ്പിച്ചത്. ബി.സി.എമ്മെന്നാല്‍ ജീവനും ജീവിതവുമെന്നു മറുപടി.

1976ല്‍ പ്രീ-ഡിഗ്രിക്ക് വിദ്യാര്‍ഥികളായെത്തിയ ഷീലാ ചെറിയാന്‍, നിമാ ജേക്കബ്, മേഴ്‌സി മാണി, ജെസി സൈമണ്‍ എന്നിവര്‍. പിന്നീട് അധ്യാപനജീവിതത്തില്‍ ചേര്‍ന്ന മറ്റുള്ളവര്‍. 1983 മുതല്‍ 89 വരെയുളള കാലയളവില്‍ അധ്യാപനം തുടങ്ങിയ അവര്‍ പിരിയുമ്പോള്‍ പലരും ഉന്നതപദവികളില്‍. പ്രിന്‍സിപ്പല്‍ ഡോ. ഷീലാ ചെറിയാന്‍, സസ്യശാസ്ത്രവകുപ്പ് മേധാവി ഡോ. ജോസി എബ്രഹാം, സാമ്പത്തികശാസ്ത്രമേധാവി പ്രൊഫ. നിമാ ജേക്കബ്, രസതന്ത്രമേധാവി പ്രൊഫ. ജെസി സൈമണ്‍, ഗണിതശാസ്ത്രത്തിലെ ഡോ. മേഴ്‌സി മാണി, സസ്യശാസ്ത്രത്തിലെ ഡോ. സെലീനാമ്മാ ജോസഫ്.

രണ്ടുവര്‍ഷമായി ആറുപേര്‍ വിരമിച്ചു. സംഘാംഗങ്ങളില്‍ രണ്ടുപേര്‍കൂടി കോളേജിലുണ്ട്-വൈസ് പ്രിന്‍സിപ്പല്‍ സൂസി ഫിലിപ്പും ജോസഫൈന്‍ എന്ന അധ്യാപികയും. സംഘം കഴിഞ്ഞ നവംബറില്‍ തായ്‌ലന്‍ഡിലേക്കു യാത്ര നടത്തി; അതിനുമുമ്പ് ഉത്തരേന്ത്യയിലേക്കും. യാത്രയയപ്പുചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സ്‌റ്റൈല്‍ഗുരുവായ സെലീനാമ്മയായിരുന്നു താരം. ഓര്‍മകള്‍ പങ്കുവെയ്ക്കാനെത്തിയവര്‍ക്ക് അവരെക്കുറിച്ചു പറയാന്‍ ധാരാളമുണ്ടായിരുന്നു. ചടങ്ങില്‍ ധരിക്കേണ്ട സാരിയും "മിസ്" ആണ് തിരഞ്ഞെടുത്തതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഓരോരുത്തരെയും അനുകരിച്ച് സ്റ്റേജിലെത്തിയ "ന്യൂജെന്‍" അധ്യാപകര്‍ ദൃശ്യവിരുന്നൊരുക്കി. അവര്‍ക്കൊപ്പം വിരമിച്ചവര്‍ ചുവടുവെച്ചു.

കലാലയം മുന്നോട്ടുവെയ്ക്കുന്ന സ്ത്രീശാക്തീകരണമെന്ന മുദ്രാവാക്യം സാധ്യമാക്കേണ്ടത് ഓരോ വിദ്യാര്‍ഥിനിയുടെയും കടമയാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വളരാനാവശ്യമായ സാഹചര്യങ്ങള്‍ അധികൃതരൊരുക്കുന്നുണ്ട്. അതിലൂടെ ഉന്നതിയിലെത്തണം. മുന്നിലെത്തുന്ന അവസരങ്ങള്‍ നിഷേധിക്കരുതെന്ന ഉപദേശവും അധ്യാപികമാര്‍ നല്‍കി.

ലാബ് അസിസ്റ്റന്റുമാരായ എ.സി.ഗ്രേസി, എന്‍.ജെ.കൊച്ചുത്രേസ്യ, യു.ഡി.ക്‌ളാര്‍ക്ക് കെ.ജെ.അന്നമ്മ എന്നിവര്‍ക്കും യാത്രയയപ്പു നല്‍കി.



Copyrights@2016.