india

കൊറോണ ; അടുത്ത നാല് ആഴ്ച നിര്‍ണ്ണായകം ; സാമൂഹിക അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി

Tiju Kannampally  ,  2020-03-20 11:43:40pmm

കൊറോണ വൈറസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കി ഇന്ത്യ. യുഎസ്, യുകെ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും വിമാനത്താവളങ്ങളില്‍ പൂര്‍ണ്ണ പരിശോധനക്ക് വിധേയമാക്കും. ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ നാലും ഹിമാചലില്‍ രണ്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിരണ്ടായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഈ വിവരം ഇത് വരെ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.

 

അതേസമയം കൊവിഡ് 19 പ്രതിരോധത്തില്‍ അടുത്ത മൂന്ന് മുതല്‍ നാല് ആഴ്ച്ച വരെ നിര്‍ണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക നിര്‍ബന്ധമാണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം പങ്കുവച്ചത്.

കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുടെ പരിഭ്രാന്തി അകറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച പാസഞ്ചര്‍ ട്രെയ്‌നുകള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കും. ഞായര്‍ അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് യാത്ര ആരംഭിക്കുന്ന ട്രെയ്‌നുകളാണ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുക. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ്ങ് സ്ഥാപനമായ ഐആര്‍സിടിസി ഭക്ഷണവിതരണം നിര്‍ത്തിവച്ചു. എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ ഒഴികെയുള്ള ജീവനക്കാരുടെ ശമ്ബളത്തില്‍ പത്ത് ശതമാനം വെട്ടിക്കുറച്ചു. അടുത്ത മൂന്ന് മാസത്തേക്കാണ് നടപടി.



Latest

Copyrights@2016.