europe

അലക്സ് നഗർ, പയ്യാവൂർ മേഘലകളുടെ വികസനത്തിന് നേതൃത്വം നല്കിയ ഡോ. മേരി കളപ്പുരയ്ക്കലിന്റെ ജീവിതയാത്രയിലൂടെ

Saju Kannampally  ,  2020-03-15 09:57:30amm

അലക്സ് നഗർ, പയ്യാവൂർ മേഘലകളുടെ വികസനത്തിന് നേതൃത്വം നല്കിയ ഡോ. മേരി കളപ്പുരയ്ക്കലിന്റെ ജീവിതയാത്രയിലൂടെ

പകര്‍ച്ചവ്യാധികള്‍ക്കും രോഗദുരിതങ്ങള്‍ക്കും നടുവില്‍ ഇരകളായി മരിച്ചുവീഴുന്ന മനുഷ്യരെയോര്‍ത്ത് കോട്ടയം രൂപതാധ്യക്ഷനായിരുന്ന ബിഷപ് തോമസ് തറയിലിന്റെ ഹൃദയം ആര്‍ദ്രമായി. മതിയായ ചികിത്സകിട്ടാതെ മരിച്ചുവീഴുന്ന അവരെ രക്ഷിക്കാനായി അദ്ദേഹം 1972 ല്‍ അല്ക്‌സ്‌നഗറില്‍ മേഴ്‌സി ഹോസ്പിറ്റല്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ കേന്ദ്രബിന്ദു ഡോ. മേരി കളപ്പുരയ്ക്കലായിരുന്നു.
വൈദ്യതിയോ വഴിയോ പോലെയുള്ള യാതൊരു സൗകര്യങ്ങളുമില്ലാതിരുന്ന അക്കാലത്ത് കുടിയേറ്റക്കാരുടെ പോരാട്ടവീര്യത്തോട് ചേര്‍ന്നുനിന്നുകൊണ്ടാണ് കനത്ത ആത്മവിശ്വാസത്തോടെയും അനുകമ്പാര്‍ദ്രമായ ഹൃദയത്തോടെയും ഡോ. മേരി അവിടെ ശുശ്രൂഷ ആരംഭിച്ചത്. ആശുപത്രി പോലും ബാലാരിഷ്ടതകള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. മതിയായ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ നാടിന്റെ വളര്‍ച്ചയക്കും വികസനത്തിനും വേണ്ടി ഏതറ്റം വരെ പോകാനും അഗതികളെയും രോഗികളെയും സഹായിക്കാന്‍ ആരുടെ മുമ്പിലും കൈനീട്ടാനും മടിയില്ലാതിരുന്ന ഡോ മേരി തന്റെവിദേശസുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് അലക്‌സ് നഗറിലെ ആശുപത്രിയിലേക്ക് എക്‌സ്‌റേ, ആംബുലന്‍സ്, ലാബ്, മരുന്ന് എന്നിവ എത്തിച്ചിരുന്നത്.
ആശുപത്രി മുന്നോട്ടുപോകണമെങ്കില്‍ ഫീസ് ആവശ്യമായിരുന്നുവെങ്കിലും നിശ്ചിയിക്കപ്പെട്ടിരുന്ന തുച്ഛമായ ഫീസുപോലും നല്കാന്‍ കഴിവുള്ളരായിരുന്നില്ല അന്നത്തെ രോഗികള്‍. കടംപറഞ്ഞ് ചികിത്സ കൈപ്പറ്റി പോകുന്നതായിരുന്നു അവരുടെ രീതി. വരുമാനമില്ലാതെ, ചെലവുകള്‍ മാത്രമായി ഒരു ആശുപത്രി എങ്ങനെ മുന്നോട്ടു നടത്തിക്കൊണ്ടുപോകും?
ഈ പ്രതികൂലസാഹചര്യത്തില്‍ വേണമെങ്കില്‍ ആശുപത്രി അടച്ചുപൂട്ടാമെന്ന വളരെ എളുപ്പമായ വഴി മാത്രമേ അധികാരികള്‍ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. പക്ഷേ അത്തരമൊരു ആലോചനയെ പോലും മുളയിലേ നുള്ളിക്കളഞ്ഞ് തന്റെ ബന്ധങ്ങളെ ആശുപത്രിയുടെ മുന്നോട്ടുള്ളപ്രയാണത്തിന് ഫലപ്രദമായി വിനിയോഗിക്കാന്‍ പതിവുപോലെ ഡോ. മേരി തയ്യാറായി.
ഇങ്ങനെ ആശുപത്രി മുന്നോട്ടുപോകുമ്പോഴും മറ്റ് ചിലപ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി ആശുപത്രി നേരിടുന്നുണ്ടായിരുന്നു. സൗകര്യപ്രദമായ സ്ഥലത്തായിരുന്നില്ല ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. പുഴയുടെ തീരത്ത് പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയിലേക്ക് ദൂരെ നിന്നുള്ളരോഗികള്‍ക്ക് എത്തിച്ചേരാന്‍ പല ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് കുറെക്കൂടി സൗകര്യപ്രദമായ സ്ഥലത്ത് ആശുപത്രി തുടങ്ങാനുള്ള ആലോചനകള്‍ രൂപപ്പെട്ടത്. അതനുസരിച്ച് പയ്യാവൂര്‍ പള്ളികെട്ടിടത്തില്‍ വാടകയ്ക്ക് മേഴ്‌സി ആശുപത്രിയുടെ മറ്റൊരു വിങ് ആരംഭിച്ചു. 1975 ല്‍ ആയിരുന്നു അത്. രണ്ട് ആശുപത്രികളും തമ്മില്‍ ആറു കിലോമീറ്റര്‍ അകലമുണ്ടായിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ഡോ. മേരി ഓടിയെത്തിയിരുന്നു. രാവെന്നോ പകലെന്നോ നോക്കാതെ, മഴയെന്നോ വെയിലെന്ന വ്യത്യാസമില്ലാതെ..
രോഗങ്ങള്‍ക്കും രോഗികള്‍ക്കും അന്നും കുറവുണ്ടായിരുന്നില്ല. പയ്യാവൂരിലെ മേഴ്‌സി ഹോസ്പിറ്റലില്‍ കിടത്തി ചികിത്സയ്ക്കു വേണ്ടി നാട്ടുകാര്‍ മുറവിളികൂട്ടി തുടങ്ങിയത് ആയിടയ്ക്കാണ്. അവരുടെ ആവശ്യം ന്യായമാണെന്ന് മനസ്സിലാക്കിയ ഡോ. മേരി അക്കാര്യം കുന്നശ്ശേരിപിതാവിനെ അറിയിച്ചു.
“സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോട്ടയം അതിരൂപതയില്‍ നിന്ന് ഒരു ആശുപത്രി പണിയുന്നതിന് സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കുകയില്ല. ഡോ. മേരിക്ക് എന്തെങ്കിലും ചെയ്യുവാന്‍ പറ്റുമെങ്കില്‍ ചെയ്‌തോ പണമൊഴിച്ച് എല്ലാ പിന്തുണയും രൂപതയില്‍ നിന്നുണ്ടാവും”അതായിരുന്നു പിതാവിന്റെ മറുപടി.
പിതാവിന്റെ വാക്കുകളും മലബാറിലെ ദൈന്യതയാര്‍ന്ന മനുഷ്യമുഖങ്ങളും മേരിയുടെ ചിന്തയില്‍ മാറിമാറിവന്നു ഒടുവില്‍ ജര്‍മ്മനിയിലേക്ക് തന്നെ മടങ്ങാന്‍ ഡോ. മേരി നിര്‍ബന്ധിതയായി. സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ച്.. മോറിയാ മലയിലേക്ക് മകനെ ബലികഴിക്കാന്‍ കൊണ്ടുപോയ അബ്രഹാത്തിന്റെ മനസ്സായിരുന്നു അപ്പോള്‍ ഡോ. മേരിക്ക്.
ദൈവം തരും. അതായിരുന്നു അവരുടെ വിശ്വാസവും. ആ ആത്മത്യാഗത്തിന് മീതെ ഉയര്‍ന്നുനില്ക്കുന്നതാണ് ഇന്നത്തെ മേഴ്‌സി ഹോസ്പിറ്റല്‍. തല ഉയര്‍ത്തിനില്ക്കന്ന കെട്ടിടങ്ങള്‍, ക്വാര്‍ടേഴ്‌സുകള്‍, ആധുനിക ചികിത്സാനിര്‍ണ്ണയ ഉപകരണങ്ങള്‍.. ഓരോന്നും കടല്‍കടന്ന് പയ്യാവൂരിലെത്തിക്കൊണ്ടിരുന്നു.
അന്നത്തെ കാലത്ത് മലബാറിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു മേഴ്‌സി ഹോസ്പിറ്റല്‍. ഇന്ന് മേഴ്‌സി ഹോസ്പിറ്റലില്‍ എത്തുന്ന ആരെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോ. മേരിയുടെ ത്യാഗോജ്ജ്വലമായ ജീവിതം അറിയുകയോ ഓര്‍മ്മിക്കുകയോ ചെയ്യുന്നുണ്ടാവുമോ ആവോ? എന്തായാലും പയ്യാവൂരിലെ മേഴ്‌സി ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍ മാര്‍ കുന്നശ്ശേരിപിതാവ് പറഞ്ഞ വാക്കുകള്‍ ഇന്നും മാഞ്ഞുപോയിട്ടില്ല.
ഇതായിരുന്നു ആ വാക്കുകള്‍: “ഈ ആശുപത്രി പണിയുന്നതിന് കോട്ടയം രുപതയ്‌ക്കോ നാട്ടുകാര്‍ക്കോ അഞ്ചുപൈസ പോലും മുടക്കേണ്ടിവന്നിട്ടില്ല. നിങ്ങള്‍ പൊന്നുപോലെ സ്‌നേഹിക്കുന്ന നിങ്ങളുടെ ഡോ. മേരി നിങ്ങള്‍ക്കു വേണ്ടി ജര്‍മ്മനിയില്‍ ജോലി ചെയ്തു പിരിച്ചുണ്ടാക്കിയ തുക കൊണ്ടാണ് ഈ ആശുപത്രി പണിതത്”
കേരളത്തിന്റെ അവികസിതമേഖലകളിലെവിടെയും ഫോണുകളും പോസ്റ്റ്ഓഫീസുകളും ഇല്ലാത്ത കാലം.
ഇവിടെയും ഡോ മേരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ജ്ഞാനവും സഹജീവികളോടുള്ള സ്‌നേഹവും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഡോ. മേരിയുടെ സ്വാധീനം വഴിയായിരുന്നു മേഴ്‌സി ഹോസ്പിറ്റലിന് ആദ്യമായി ടെലിഫോണ്‍ കണക്ഷന്‍ ലഭിച്ചത്. അതുപോലെ പോസ്റ്റോഫീസ് അനുവദിച്ചതിന് പിന്നിലും ഡോ. മേരിയുണ്ടായിരുന്നു.
നാലു കിലോമീറ്റര്‍ നടന്നുവേണമായിരുന്നു അന്ന് കത്തുകള്‍ അയ്ക്കുന്നതിനോ മേടിക്കുന്നതിനോ പോകേണ്ടിയിരുന്നത്. ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് മേഴ്‌സി ഹോസ്പിറ്റല്‍ ബില്‍ഡിംങില്‍ തന്നെ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കാനുള്ള തീരുമാനമുണ്ടായത്. ഈ രണ്ടു നേട്ടങ്ങള്‍ക്ക് പിന്നിലും ഡോ. മേരിയുടെ മാതൃസഹോദരന്മാരായ ഫാ. ജോണ്‍ മ്യാലില് S J, ഫാ. കുര്യാക്കോസ് മാല്യില്‍ എന്നിവരുടെ സഹായസഹകരണങ്ങളും ഉണ്ടായിരുന്നു.
അലക്‌സ് നഗര്‍ മേഴ്‌സി ഹോസ്പിറ്റലിലേക്ക് രോഗികള്‍ക്ക് എത്തിച്ചേരാന്‍ തടസ്സമായി നിന്നിരുന്നത് പാലത്തിന്റെയും വഴികളുടെയും അഭാവമായിരുന്നു. പാലം ഇല്ലാതിരുന്നതിന്റെ പേരില്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ രോഗി മരിച്ചതും നനഞ്ഞുകുളിച്ച് വരുന്ന രോഗികളുടെയും ബന്ധുക്കളുടെയും വേദന കണ്ടറിഞ്ഞതുമാണ് നാട്ടുകാരെ സംഘടിപ്പിച്ചത് ഒരു തൂക്കുപാലം നിര്‍മ്മിക്കുന്നതിന് ഡോ. മേരിയെ പ്രേരിപ്പിച്ചത്.
അഞ്ചരലക്ഷം രൂപ മുടക്കി മുപ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച ആ തൂക്കുപാലത്തിന് വേണ്ടി നാട്ടുകാരുടെ സംഭാവന വെറും ഇരുപതിനായിരം രൂപ ആയിരുന്നു. ബാക്കിതുക മുഴുവന്‍ ഡോ. മേരി സമാഹരിച്ചവയായിരുന്നു. കേരളത്തെ ദുരിതക്കയത്തിലാക്കിയ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെയും പ്രളയത്തെ അതിജീവിക്കാന്‍ ഈ തൂക്കുപാലത്തിന് കഴിഞ്ഞുവെന്നത് നിര്‍മ്മാണവൈദഗ്ദ്യത്തിന്റെ തെളിവാണ്. നാട്ടുകാരുടെ സഹായത്തോടെ നിരവധി റോഡുകള്‍ വെട്ടിത്തെളിച്ച് ഗതാഗതയോഗ്യമാക്കാനും ഡോ. മേരി മുമ്പന്തിയിലുണ്ടായിരുന്നു.
അതുപോലെ ചികിത്സ ഫലിക്കില്ലെന്ന് ഉറപ്പായ രോഗികളെ ഒരിക്കലും ഐസിയുവിലോ വെന്റിലേറ്ററിലോ കിടത്തരുതെന്നും അവരെ പ്രിയപ്പെട്ടവരുടെ പരിചരണവും സാന്നിധ്യവും അനുഭവിച്ച് മരിക്കാന്‍ അനുവദിക്കണമെന്നുമാണ് ഡോ. മേരിയുടെ അഭിപ്രായം. ശാന്തമായി മരിക്കാനും ്രപിയപ്പെട്ടവരെ കണ്ടുകൊണ്ട് കണ്ണടയ്ക്കാനും രോഗികള്‍ക്ക് അവസരം കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്ന ഡോക്ടര്‍, ശവമഞ്ചത്തില്‍ ചാര്‍ത്തുന്ന പുഷ്പഹാരങ്ങള്‍ക്കും മാലകള്‍ക്കും ബൊക്കെകള്‍ക്കും എതിരാണ്. ധൂര്‍ത്തായിട്ടാണ് മേരി അതിനെ കണക്കാക്കുന്നത്. ആ ധൂര്‍ത്തിന് ചെലവാക്കുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചുകൂടെ? മേരിയുടെ ചോദ്യം അതാണ്.
അതുകൊണ്ടുതന്നെ താന്‍ മരിക്കുമ്പോള്‍ അത്തരം ആചാരങ്ങള്‍ വേണ്ടെന്ന് അവര്‍ നിര്‍ബന്ധപൂര്‍വ്വം ബന്ധുക്കളോട് നിഷ്‌ക്കര്‍ഷിച്ചിട്ടുമുണ്ട്. വിദേശസുഹൃത്തുക്കളുടെ മരണശേഷം ബൊക്കെയ്ക്ക് വേണ്ടി ചെലവഴിക്കുന്നതിന് നീക്കിവച്ച പണം കൊണ്ട് കേരളത്തില്‍ ആതുരശുശ്രൂഷകള്‍ നടത്തിയ ചരിത്രം കൂടിയുണ്ട് ഡോ. മേരിക്ക്.
മേരിയുടെ ദീര്‍ഘദര്‍ശിത്വവും ആശയങ്ങളും കാലം ശരിവച്ചുകൊണ്ടിരിക്കുന്നതിനാണ് ഇന്ന് നാം സാക്ഷികളായിരിക്കുന്നത്. ജീവിതത്തിലേക്ക് തിരികെവരില്ലെന്ന് ഡോക്‌ടേഴ്‌സിന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നിട്ടും രോഗികളുടെ ബന്ധുക്കളില്‍ നിന്ന് പണം പിഴിയാന്‍ മാത്രമായി ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രീതി പല ആശുപത്രികള്‍ക്കും ഉണ്ടല്ലോ. അവിടെയാണ് ഡോ. മേരിയുടെ ധാര്‍മ്മികശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നത്. ആ അഭിപ്രായങ്ങള്‍ക്ക് കൈയടിക്കേണ്ടതും അവ പ്രചരിപ്പിക്കേണ്ടതും നമ്മുടെ കടമയാണെന്ന കാര്യവും മറക്കരുത്. ഇങ്ങനെയുള്ള മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടാണ് പയ്യാവൂരില്‍ മേഴ്‌സി ആശുപത്രി ഡോക്ടര്‍ സ്ഥാപിച്ചത്.
ജനങ്ങളുടെ ഹൃദയത്തുടിപ്പ് സ്റ്റെതസ്‌ക്കോപ്പു കൊണ്ടു മാത്രമല്ല സ്വന്തം ഹൃദയം കൊണ്ടുകൂടിയായിരുന്നു ഡോ. മേരി കളപ്പുരയ്ക്കല്‍ തിരിച്ചറിഞ്ഞിരുന്നത്. എന്നും ജനങ്ങളോടൊപ്പമായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ജീവിക്കുന്ന മേഖല ജര്‍മ്മനിയോ കൂടല്ലൂരോ കോട്ടയമോ മലബാറോ എന്നത് അവരെ സംബനധിച്ച് അത്ര പ്രധാനമായിരുന്നില്ല. ഓരോ രോഗിയും ഓരോ ജീവിതമാണെന്ന തിരിച്ചറിവോടെ ദൈവം തന്നില്‍ ഏല്പിച്ച ഉത്തരവാദിത്തം കാര്യക്ഷമതയോടെയും സ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ് അവര്‍ നിര്‍വഹിച്ചുപോന്നിരുന്നത്. ആശുപത്രികളിലെ തിരക്കുപിടിച്ച ഡ്യൂട്ടിക്കിടയിലും കിടപ്പുരോഗികളുടെ ചികിത്സാര്‍ത്ഥം കാടും മേടും കയറിയിറങ്ങി പോകാന്‍ മേരിയെ നിര്‍ബന്ധിതയാക്കിയത് നിസ്വാര്‍ത്ഥമായ സ്‌നേഹം മാത്രമായിരുന്നു. അന്ന് വാഹനസൗകര്യങ്ങള്‍ ഇല്ലെന്നതോ പോകട്ടെ നേരാംവണ്ണമുള്ള വഴികള്‍ പോലും ഉണ്ടായിരുന്നില്ല.എന്നിട്ടും ഡോ മേരി തീക്ഷ്ണമതിയായ ഒരു മിഷനറിയെ പോലെ ആതുരാശുശ്രൂഷാരംഗത്ത് സജീവമായി ഇടപെട്ടിരുന്നു. തന്നെ കാത്തുകിടക്കുന്ന ശയ്യാവലംബികളായ രോഗികളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ മടുപ്പോ തളര്‍ച്ചയോ അവര്‍ അറിഞ്ഞിരുന്നുമില്ല. ഡോ. മേരിയുടെ കൈകൊണ്ട് പച്ചവെള്ളം തന്നാല്‍ പോലും രോഗം മാറുമെന്നായിരുന്നു അന്നത്തെ നാട്ടുകാരുടെ വിശ്വാസം. കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരഗ്രാമങ്ങളിലെ നാനാജാതി മതസ്ഥര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു ഡോ. മേരി. രോഗീപരിചരണത്തിനപ്പുറം നാടിന്റെ നന്മയ്ക്കുവേണ്ടി , പ്രവര്‍ത്തിച്ചു എന്നതായിരുന്നു ഡോ. മേരിയെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ടവളാക്കി മാററിയത്.
ജനങ്ങളുടെ ദുരിതജീവിതം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു രോഗികളെ തേടിയുള്ള മേരിയുടെ ഭവനസന്ദര്‍ശനങ്ങള്‍.. വിവാഹപ്രായം കഴിഞ്ഞുനില്ക്കുന്ന പെണ്‍കുട്ടികളെയും വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വഴി അടഞ്ഞുനില്ക്കുന്ന സമര്‍ത്ഥരെയും വീടില്ലാതെ വിഷമിക്കുന്നവരെയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെയും ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന കുടുംബങ്ങളെയും എല്ലാം കണ്ടുമുട്ടാന്‍ ഈ യാത്രകള്‍ മേരിക്ക് വഴിയൊരുക്കി. നിസ്സഹായര്‍ക്കും ദരിദ്രര്‍ക്കും തങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ആശ്വാസത്തിന്റെ കുമ്പസാരക്കൂടുതന്നെയായിരുന്നു ഡോ. മേരി കളപ്പുരയ്ക്കല്‍. അവരുടെ കണ്ണീര് മേരിയുടെ കരളിനെയാണ് പിളര്‍ത്തിക്കളഞ്ഞത്. അവരെ സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്തവും മേരി സ്‌നേഹപൂര്‍വ്വം ഏറ്റെടുത്തു.
ഡോ. മേരിയുടെ ദയാമസൃണമായ ഹൃദയത്തിന്റെ തണല്‍ പറ്റി ജീവിതത്തിന്റെ പച്ചപ്പിലേക്ക് കയറിപ്പോയ ഒരുപാട് കുടുംബങ്ങള്‍ ഇന്നും മലബാറിലുണ്ട്. മദ്യത്തിന് അടിമകളായ എത്രയോ പേരെ വിദഗ്ദ ചികിത്സയും കൗണ്‍സലിംങും നല്കി ജീവിതത്തിന്റെ നേര്‍ദിശയിലേക്ക് മേരി വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നോ.
ഇങ്ങനെ പല കുടുംബങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതിക്കും ക്ഷേമത്തിനും ഐശ്വര്യത്തിനും പിന്നില്‍ ഈ നിസ്വാര്‍ത്ഥമതിയുടെ കരങ്ങള്‍ വേണ്ടതിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിഷപ് തോമസ് തറയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടയില്‍ 1957 സെപ്തംബര്‍ 14 ന് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ അംഗമായി മേരി വ്രതവാഗ്ദാനം നിറവേറ്റി.
അങ്ങനെ കേരളത്തിലെ ആദ്യത്തെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ മലയാളി അംഗം എന്ന നിലയില്‍ ഡോ. മേരിയും കത്തോലിക്കാസഭയുടെ ചരിത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.എന്നാല്‍ രൂപത്തോടും ഭാവത്തോടും കൂടി കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വന്നത് 1961 ല്‍ ആയിരുന്നു.

ഇന്ന് എണ്‍പത്തിയഞ്ചാം വയസില്‍ എത്തിനില്ക്കുമ്പോള്‍ സഹായിക്കാനുള്ള സന്നദ്ധതയും സന്മനസും അവര്‍ക്ക് കൈമോശം വന്നിട്ടുമില്ല.
പ്രളയദുരിതക്കടലില്‍ അകപ്പെട്ടുപോയ കേരള ജനതയെ തന്നാലാവുന്ന വിധത്തിലെല്ലാം സഹായിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങിയിരുന്നു. സഹായിക്കുമ്പോള്‍ അത് ജാതിയോ മതമോ നോക്കിയായിരിക്കരുത് എന്ന ഒറ്റ നിബന്ധന മാത്രമേ അവര്‍ക്കുള്ളുതാനും.
വൈദ്യശാസ്ത്രരംഗത്ത് ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകളാണ് അത്യാഹിതവിഭാഗവും മരണം കാത്തുകിടക്കുന്ന രോഗികളുടെ പരിചരണവിഭാഗവും. ഈ രണ്ടുമേഖലകളിലും സാധാരണയായി ഒരു ഡോക്ടറും അധികകാലം സേവനം ചെയ്യാറില്ല. പക്ഷേ കഴിഞ്ഞ അമ്പതുവര്‍ഷമായി ഡോ. മേരിയുടെ സേവനം ഈ രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ മാത്രമായിരുന്നു.ഒരായുസുകൊണ്ട് ഇത്രയുമധികം നന്മകള്‍ സമൂഹത്തിനും സമൂദായത്തിനും വേണ്ടി ചെയ്തിരിക്കുന്ന വ്യക്തികള്‍ വളരെ കുറവായിരിക്കും. എണ്‍പത്തിയഞ്ചിലും നാല്പതിന്റെ ചുറുചുറുക്കോടെ മുന്നോട്ടുപോകുന്ന ആ ജീവിതത്തിന് മുമ്പില്‍ ശിരസുകുനിച്ച് കൈകള്‍ കൂപ്പാതിരിക്കാന്‍ ആര്‍ക്കുമാവില്ല. അപ്രാപ്യമെന്ന് തോന്നുന്ന ലക്ഷ്യം പോലും നിശ്ചയദാര്‍ഢ്യത്തിലൂടെ നേടാനാകുമെന്ന് തെളിയിച്ചു തന്ന ധീരവ്യക്തിത്വമാണ് ഡോ. മേരി കളപ്പുരയ്ക്കലിന്റേത്.
അര്‍ഹിക്കുന്നവന് ആവശ്യമായ നന്മ ചെയ്യാന്‍ മറ്റൊന്നും തടസ്സമാകരുതെന്ന ഡോ. മേരിയുടെ തത്വദീക്ഷ തന്നെയാണല്ലോ യാത്രകളില്‍ സ്റ്റെതസ്‌കോപ്പും അത്യാവശ്യം മരുന്നുകളും ബാഗില്‍ കരുതാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
ആ കര്‍മ്മധീരതയ്ക്ക്,
ആദര്‍ശശുദ്ധിക്ക്,
സ്‌നേഹസമ്പന്നതയ്ക്ക് വലിയൊരു സല്യൂട്ട്.
Cyriac ThomasLatest

Copyrights@2016.