india
15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ നിരോധിച്ചേക്കും ; 10 വര്‍ഷം കഴിഞ്ഞവയ്ക്ക് ഗ്രീന്‍ ടാക്സ്

ബസുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ പൊതുസര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കുന്നു. ഇതിനുശേഷം രജിസ്ട്രേഷന് പുതുക്കാതിരിക്കുന്നതിന് 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന, 1988-ലെ നിയമഭേദഗതിയെ തുടര്‍ന്നാണ് ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രം ഒരുങ്ങുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും മോട്ടോര്‍വാഹന കമ്മിഷണര്‍മാരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതി സബ്കമ്മിറ്റിക്ക് മുമ്ബാകെയുള്ള മറ്റു വിഷയങ്ങള്‍:
15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ക്ക് പിന്നീട് സ്വകാര്യവാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് മാത്രമേ അനുവദിക്കൂ. സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാന്‍ നിലവില്‍ കാറുകള്‍ക്ക് 3000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 650 രൂപയുമാണ് അടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍, ഭേദഗതി നിലവില്‍വന്നാല്‍ കാറിന് 20,000 മുതല്‍ 25,000 രൂപയും ബൈക്കുകള്‍ക്ക് 2000 രൂപയുമായി ഉയര്‍ത്തിയേക്കും. പുതുക്കാന്‍ വൈകിയാല്‍ 5000 രൂപ പിഴയും അടയ്ക്കേണ്ടി വരും. 2017 ജനുവരി ഒന്നിന് പത്തുവര്ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള സ്വകാര്യ, പൊതുവാഹനങ്ങള്‍ക്കും ഗ്രീന്‍ടാക്സ് അടയ്ക്കണം. ഗ്രീന്ടാക്സും വന്‍തോതില്‍ ഉയര്‍ത്താന്‍ നീക്കമുണ്ട്.