india

സുഹൃത്തുക്കൾ കൊലപ്പെടുത്തിയ എം.വി. അർജുന്റെ മരണം തലയോടു തകർന്ന്.

Tiju Kannampally  ,  2019-07-12 11:06:50pmm

കൊച്ചി : നെട്ടൂരിൽ സുഹൃത്തുക്കൾ മർദിച്ചു കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ എം.വി. അർജുന്റെ മരണം തലയോടു തകർന്നെന്നു പൊലീസ്. പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനമാണിത്. കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ടു പലപ്രാവശ്യം ഇടിച്ചതിനാലുള്ള ഗുരുതര പരുക്കുകൾ തലയോട്ടിയിലുണ്ട്. ശരീരം പൂർണമായി അഴുകിയതിനാൽ മറ്റു പരുക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു സൂചന. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പു നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.

കേസിൽ 17 വയസ്സുകാരൻ ഉൾപ്പെടെ 5 പ്രതികളുണ്ട്. ഇവരിൽ 4 പേർ റിമാൻഡിലാണ്. പതിനേഴുകാരനെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യം മൂലം അർജുനെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടു പോയി തിരുനെട്ടൂർ റെയിൽവേ സ്റ്റേഷനു സമീപം വിജനമായ സ്ഥലത്തെത്തിച്ചു മർദിച്ചു കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്നാണു കേസ്. ഈ മാസം രണ്ടിനാണ് അർജുനെ കൊലപ്പെടുത്തിയത്. മകനെ കാണാനില്ല എന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ അർജുന്റെ അച്ഛൻ വിദ്യനോടു പൊലീസ് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ഇന്നലെ അന്വേഷണം നടത്തി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടു വീട്ടിലെത്തി വിദ്യനോട് ഇക്കാര്യം ചോദിച്ചറിഞ്ഞു. പരാതിയുമായി എത്തിയപ്പോൾ പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിലൊരാൾ ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ പൊലീസ് എന്താ കണിയാനാണോ’ എന്നു ചോദിച്ചെന്നായിരുന്നു വിദ്യന്റെ പരാതി. എന്നാൽ, പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു വിളിച്ചപ്പോഴാണ് ഇത്തരം പ്രതികരണമുണ്ടായതെന്നും ആരാണിതു പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് ഇന്നലെ വിദ്യൻ പറഞ്ഞത്.




Latest

Copyrights@2016.