india

ചെറുതോണി ഡാം തുറന്നു. കേരളത്തില്‍ കനത്തമഴ.

Editor  ,  2018-08-09 01:21:44amm

ഇടുക്കി: ഇടുക്കി-ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു. ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം ഷട്ടറുകള്‍ തുറക്കുന്നത്. 1992 ഓക്ടോബറിലാണ് ഇതിനു മുന്പ് അണക്കെട്ട് തുറന്നു വിട്ടത്. കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ മൂന്നാം ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തി നിയന്ത്രിത തോതില്‍ ജലം പുറത്തേക്ക് ഒഴുക്കി ട്രയല്‍ റണ്‍ നടത്തിയത്. നാലു മണിക്കൂര്‍ നേരത്തേക്കാവും ഷട്ടറുകള്‍ തുറന്ന് വക്കുക. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്താന്‍ ഇന്നു രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.

ചെറുതോണി അണക്കെട്ടിന്‍റെ താഴെയുള്ളവരും പെരിയാറിന്‍റെ ഇരകരകളിലുള്ളവും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ട്രയല്‍ റണ്‍ ആണ് നടത്തുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അണക്കെട്ട് തുറന്നതിനേ തുടര്‍ന്ന് പെരിയാറ്റില്‍ വെള്ളം പൊങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ നെടന്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.  

ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിങ്ങനെ മൂന്ന് അണക്കെട്ടുകള്‍ ചേര്‍ന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് ഡാം ആണ് ഇടുക്കി. 2403 അടിയാണ് ഈ പദ്ധതിയുടെ പരമാവധി ജലസംഭരണ ശേഷി.

അതേസമയം വടക്കന്‍ കേരളത്തില്‍ ശക്തമായി പെയ്യുന്ന മഴ കനത്ത നാശം വിതയ്ക്കുകയാണ്. പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി ആളുകളെ കാണാതായിട്ടുണ്ട്. വയനാട് ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂര്‍ ജില്ലയുടെ മലയോരങ്ങളില്‍ കനത്ത മഴയും മഴക്കെടുതിയും തുടരുന്നു. കൊട്ടിയൂര്‍, ചുങ്കക്കുന്ന്, കേളകം, കണിച്ചാര്‍, പേരാവൂര്‍, കോളയാട് മേഖലകളില്‍ തുടരുന്ന മഴ കനത്ത നാശം വിതക്കുന്നു.



Latest

Copyrights@2016.