gulf live Broadcasting

പ്രവാസി വോട്ട്: ഇത്തവണയും ഫലം നിരാശ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് നാട്ടില്‍വന്ന് വോട്ടുചെയ്യാന്‍ നിലവിലുള്ള സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഇ-വോട്ട് ഈ തെരഞ്ഞെടുപ്പിലും യാഥാര്‍ഥ്യമാകില്ലന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി അറിയിച്ചത്.

ഇതോടെ വോട്ടുചെയ്യാനുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുമെന്ന് വ്യക്തമായി. പ്രവാസിസമൂഹത്തിന് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീംകോടതി ഒന്നര വര്‍ഷം മുന്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇത് പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സംസ്ഥാന ഭരണം നിര്‍ണയിക്കുന്നതില്‍ പ്രവാസി വോട്ട് സുപ്രധാന ഘടകമാകുന്ന സാഹചര്യത്തിലാണ് പ്രവാസി വോട്ടിന് വേണ്ടിയുള്ള മുറവിളികള്‍ തുടങ്ങിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാറും ഈ ആവശ്യം അംഗീകരിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്തതോടെ പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ അടുത്തകാലംവരെയുണ്ടായിരുന്നു.

ഇലക്ട്രോണിക് തപാല്‍ വോട്ടുവഴി വോട്ടുചെയ്യാമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. വിദേശത്തുള്ള ഒരു വോട്ടര്‍ അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട പ്രദേശത്തെ റിട്ടേണിങ് ഓഫിസര്‍ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇന്‍റര്‍നെറ്റ് വഴി അയച്ചുകൊടുക്കുകയാണ് ആദ്യപടി.  ഇതിന് ഇ-മെയില്‍ വിലാസം നേരത്തെ നല്‍കണം. മൊബൈല്‍ ഫോണിലേക്ക് റിട്ടേണിങ് ഓഫിസര്‍ അയച്ചുകൊടുക്കുന്ന രഹസ്യകോഡ് ഉപയോഗിച്ചെങ്കിലേ കന്പ്യൂട്ടറില്‍നിന്നും ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.

ഇങ്ങനെ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍െറടുത്താണ് വോട്ട് രേഖപ്പെടുത്തുക. ഫെബ്രുവരി ആദ്യവാരത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തിരുവനന്തപുരത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലും പ്രവാസി വോട്ട് സാധ്യമാകില്ലെന്ന് സൂചിപ്പിച്ചിരുന്നു. പ്രവാസികളുടെ പ്രതിനിധികള്‍ക്ക് വോട്ടുചെയ്യാനുള്ള പ്രോക്സി വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശ നിയമമന്ത്രാലയത്തിന്‍െറ പരിഗണനയിലാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്‍ അന്ന് പറഞ്ഞത്. ഈ നിയമം പാസാകുന്ന മുറക്ക് നടപ്പാക്കുമെന്നും കമീഷന്‍ വ്യക്തമാക്കിയിരുന്നു.

Read more

കൂവൈറ്റില്‍ നിന്നു ഒഴിവാക്കുന്നത് രണ്ടു ലക്ഷം മലയാളികളെ

കുവൈറ്റ് സിറ്റി: ഏറ്റവുമധികം മലയാളികള്‍ ജോലിചെയ്യുന്ന ഗള്‍ഫ് സാമ്രാജ്യമായ കുവൈറ്റില്‍ നിന്നും രണ്ടുലക്ഷത്തോളം കേരളീയരെ കുടിയിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷത്തിനു താഴെയുള്ള കാലയളവില്‍ കുവൈറ്റിലെത്തി ജോലി ചെയ്യുന്ന മലയാളികളെയാകും തിരിച്ചയക്കുക. 33 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റില്‍ മൂന്നില്‍ രണ്ടു ഭാഗം വിദേശികളാണ്. ഇവരില്‍ മുന്നില്‍ നില്‍ക്കുന്ന ഈജിപ്റ്റുകാര്‍ ഏഴു ലക്ഷവും ഇന്ത്യാക്കാര്‍ 6.8 ലക്ഷവുമാണ്. ഇന്ത്യാക്കാരില്‍ നാലരലക്ഷത്തോളം കേരളീയരാണ്.

ഇവരില്‍ രണ്ടുലക്ഷത്തോളം പേരെ കുടിയിറക്കുന്നതോടെ കേരളത്തിലെ സമ്പദ്ഘടനയില്‍ തൊഴില്‍രഹിതരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടാകുമെന്ന ആശങ്ക കുവൈറ്റിലെ മലയാളി സംഘടനകള്‍ക്കുണ്ട്. മൂന്നു ലക്ഷത്തോളം ഈജിപ്റ്റുകാരെയും പിരിച്ചുവിടും. എണ്ണവിലത്തകര്‍ച്ച സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം ആശങ്കയിലാഴ്ത്തിയ ഗള്‍ഫിലെ മലയാളി സമൂഹത്തിന് മാനസിക സംഘര്‍ഷമൊഴിഞ്ഞ നേരമില്ലെന്ന നിലയാണിപ്പോഴെന്ന് മലയാളി സംഘടനകള്‍ പറയുന്നത്.

എണ്ണ ഉല്‍പാദനം, മെഡിക്കല്‍ എന്‍ജിനീയറിങ് മേഖലകളെ വിദേശികളുടെ സംഖ്യ വെട്ടിച്ചുരുക്കലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായാണ് വിദേശികളുടെ വെട്ടിച്ചുരുക്കലെന്ന് ഇതുസംബന്ധിച്ച് കുവൈറ്റ് സര്‍ക്കാരിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടിയിറക്കപ്പെടുന്ന മലയാളികളില്‍ മഹാഭൂരിപക്ഷവും നാമമാത്ര വേതനം കൊണ്ടു നാട്ടിലെ കുടുംബങ്ങളെ പുലര്‍ത്തുന്ന സാധാരണ തൊഴിലാളികളാണ്. ഓഫീസുകളിലെ ചെറുകിട, ഇടത്തരം ജീവനക്കാരും തിരിച്ചയക്കപ്പെടുന്നവരില്‍ ഉള്‍പ്പെടും.

ഈ വിഭാഗങ്ങള്‍ ജനസംഖ്യാ സന്തുലിതാവസ്ഥ തകര്‍ക്കുകയും കുവൈറ്റില്‍ സാമൂഹ്യ സമ്മര്‍ദ്ദവും സംഘര്‍ഷങ്ങളും വളര്‍ത്തുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് വിദേശികള്‍ക്ക് പുതുതായി നിയമനങ്ങള്‍ നല്‍കരുതെന്ന ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ നിന്നും കുവൈറ്റില്‍ അധ്യാപക ജോലിക്കെത്തുന്നവരില്‍ ഏറിയപങ്കും മലയാളികളാണ്. വിദ്യാഭ്യാസ മേഖലയിലും നിയമന നിരോധനം ബാധകമായതിനാല്‍ ആ കവാടവും അടയുന്നു. ഇന്ത്യാക്കാരുടെ പുതിയ നിയമനങ്ങള്‍ ഉന്നതസാങ്കേതിക മേഖലകളില്‍ മാത്രമായി ഒതുക്കിനിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുവൈറ്റിനു പുറമേ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ അടങ്ങുന്ന തുടങ്ങിയ ഗള്‍ഫ് സഹകരണ യൂണിയന്‍ രാജ്യങ്ങളിലും സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശ ജോലിക്കാരെ പിരിച്ചുവിടുമെന്ന സൂചനകളുമുണ്ട്. കുവൈറ്റിലും റാസല്‍ഖൈമയിലും പതിനായിരത്തോളം പേരെ പിടികൂടി നാട്ടിലേക്ക് കയറ്റിവിട്ടു. ഇവരില്‍ നാലായിരത്തില്‍പ്പരം മലയാളികളുമുണ്ട്.

Read more

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ 6-8 ബില്യണ്‍ ഡോളര്‍ വിദേശ ബാങ്ക് വായ്പ എടു­ക്കു­ന്നു

ദുബായ് : ഗള്‍ഫിലെ സമ്പന്ന രാജ്യമായ സാദി അറേബ്യ എണ്ണ വില തകര്‍ച്ചയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആറു മുതല്‍ എട്ടു വരെ ബില്യണ്‍ ഡോളറിന്റെ വിദേശ ബാങ്ക് വായ്പ എടുക്കുന്നു. ഒരു പതിറ്റാണ്ടനിടെ സൗദി നടത്തുന്ന ആദ്യത്തെ വിദേശ വായ്പയാണിത്. അഞ്ചു വര്‍ഷം വരെ കാലവധിയുള്ളതും, വായ്പപാ തുക വര്‍ധിപ്പിക്കാവുന്നതും, അമേരിക്കന്‍ ഡോളറില്‍ ലഭ്യമാകുന്നതുമായ വായ്പയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാണ് വായ്പാദാതാക്കളോട് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര വായ്പ എടുക്കുന്നതിനെപ്പറ്റി സൗദി, ബാങ്ക് അധികൃതരുമായി സംസാരിച്ചിരുന്നുവെന്ന് ഏതാനും ദിവസം മുമ്പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എണ്ണ വില തകര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 100 ബില്യണ്‍ ഡോളറിന്റെ കമ്മിയാണുണ്ടായത്. വിദേശത്തുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചും, ആഭ്യന്തര തലത്തില്‍ ബോണ്ടുകള്‍ ഇറക്കിയും ഈ കുറവ് പരിഹരിക്കാന്‍ സൗദി ശ്രമിച്ചു വരികയാണ്. ഇപ്പോഴത്തെ നിലയില്‍ എണ്ണ വില ഇടിവു നിലനിന്നാല്‍ വിദേശ ആസ്തികള്‍ ഏതാനും വര്‍ഷം കൊണ്ട് ശൂന്യമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലണ്ടന്‍ ആസ്ഥാനമായുള്ള വേര്‍സസ് പാര്‍ട്ട്‌­ണേഴ്‌­സ് എന്ന കമ്പനിയാണ് വിദേശ വായ്പാ കാര്യത്തില്‍ സൗദിയെ സഹായിക്കുന്നത്. സിറ്റിഗ്രൂപ്പ് ബാങ്കിന്റെ മുന്‍ മേധാവികളായ മാര്‍ക് ആപ്ലിന്‍, ആന്‍ഡ്രു എലിയട്ട് എന്നവര്‍ സ്ഥാപിച്ച കമ്പനിയാണിത്. സൗദി ധനാകാര്യമന്ത്രാലയത്തിനു വേണ്ടി ഏതാനും ബാങ്കുകളെ മാത്രം തെരഞ്ഞെടുത്ത് ഈ കമ്പനി നിര്‍ദേശങ്ങള്‍ അയച്ചു കഴിഞ്ഞു. സൗദി അറേബ്യ ഈ വര്‍ഷം പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്റര്‍നാഷണല്‍ ബോണ്ടിന്റെ കാര്യം ക്രമീകരിക്കുവാന്‍ വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് അവസരം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവര്‍ക്ക് ഇതുവരെ പണം അങ്ങോട്ട് കൊടുത്തു കൊണ്ടിരുന്ന ഗള്‍ഫിലെ ആറ് സമ്പന്ന രാജ്യങ്ങള്‍ ഈ വര്‍ഷം മൊത്തത്തില്‍ 20 ബില്യണ്‍ ഡോളര്‍ വായ്പ വാങ്ങിയേക്കുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. എണ്ണ വില കുറഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വായ്പ എടുക്കുന്നതിനെപ്പറ്റിയുള്ള ആലചന എല്ലാ രാജ്യങ്ങളിലും തുടങ്ങിയിട്ടുണ്ട്.

Read more

ദുബായിൽ പാർക്കിംഗ് നിരക്കുകൾ വർധിപ്പിച്ചു.

ദുബായ്: ദുബായിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്കുകൾ വർധിപ്പിച്ചു. റോഡരികിലെ പാർക്കിങ്, പ്രത്യേക പാർക്കിങ് മേഖലകൾ എന്നിവിടങ്ങളിൽ വർധനയുണ്ടാകും. റോഡരികിലെ പാർക്കിങ്ങുകളിൽ അരമണിക്കൂറിനു രണ്ടു ദിർഹമാക്കി. നിലവിൽ ഒരുമണിക്കൂറിനാണ് ഇത്രയും ഈടാക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരുമണിക്കൂർ പാർക്കിങ്ങിനു നാലു ദിർഹം, രണ്ടു മണിക്കൂറിന് എട്ടു ദിർഹം, മൂന്നു മണിക്കൂറിനു 12 ദിർഹം, നാലു മണിക്കൂറിനു 16 ദിർഹം എന്നിങ്ങനെയാക്കി. പാർക്കിങ് ലോട്ടുകളിൽ മണിക്കൂറിനു മൂന്നു ദിർഹം, രണ്ടു മണിക്കൂറിന് ആറു ദിർഹം. മൂന്നു മണിക്കൂറിന് എട്ടു ദിർഹം, നാലു മണിക്കൂറിനു 12 ദിർഹം, അഞ്ചുമണിക്കൂറിനു 15 ദിർഹം, 24 മണിക്കൂറിന് 20 ദിർഹം എന്നിങ്ങനെയാണു പുതിയനിരക്ക്.

നിശ്‌ചിത കാലയളവിലേക്കുള്ള പാർക്കിങ്ങിന് ഈടാക്കുന്ന നിരക്കിലും ഭേദഗതിവരുത്തി. റോഡരികിൽ മൂന്നു മാസത്തേക്ക് 1400 ദിർഹം, ആറുമാസത്തേക്ക് 2500 ദിർഹം, ഒരുവർഷത്തേക്ക് 4500 ദിർഹം. പാർക്കിങ് ലോട്ടുകളിൽ മൂന്നുമാസം 700 ദിർഹം, ആറുമാസം 1300 ദിർഹം, ഒരുവർഷം 2500 ദിർഹം. ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ മൂന്നുമാസം 2000 ദിർഹം, ആറുമാസം 4000 ദിർഹം, ഒരുവർഷം 8000 ദിർഹം. വിദ്യാർഥികൾക്ക് മൂന്നുമാസത്തേക്ക് 300 ദിർഹം ആയിരിക്കും.

1.3 ലക്ഷം പെയ്‌ഡ് പാർക്കിങ് മേഖലകളാണു ദുബായിലുള്ളത്. ഒൻപതു പാർക്കിങ് പായ്‌ക്കേജുകളാണ് ഉള്ളത്. സ്വദേശികൾക്കുള്ള പെയ്‌ഡ് പെർമിറ്റ് ‘എൽ’ ആണ് ആദ്യത്തേത്. വില്ലാ പാർക്കിങ് – പെയ്‌ഡ് പാർക്കിങ് വി, മറ്റു താമസമേഖലകൾ – പെയ്‌ഡ് പാർക്കിങ് ആർ എന്നിങ്ങനെയും. തിരക്ക് ഒഴിവാക്കാനും ഗതാഗതസംവിധാനം കൂടുതൽ ശാസ്‌ത്രീയമാക്കാനുമുള്ള നടപടികളുടെ ഭാഗമാണിത്.താമസക്കാരെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രോൽസാഹിപ്പിക്കും.

77 ശതമാനത്തോളം വരുന്ന മറ്റു മേഖലകളിൽ നിലവിലുള്ള നിരക്കു തുടരും. തിരക്കൊഴിഞ്ഞ ഈ മേഖലകളിൽ മണിക്കൂറിനു രണ്ടു ദിർഹവും രണ്ടു മണിക്കൂറിന് അഞ്ചുദിർഹവും. മൂന്നുമണിക്കൂറിന് എട്ടു ദിർഹവും നാലു മണിക്കൂറിനു 11 ദിർഹവും ആയിരിക്കും. യാത്ര സുഗമമാക്കാനും ചെലവും അന്തരീക്ഷ മലിനീകരണവും കുറയ്‌ക്കാനും നിരക്ക് വർദ്ധന സഹായകമാകും. ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌ത് 60 ദിവസത്തിനുശേഷം പുതിയ നിരക്കു നിലവിൽ വരും.

Read more

20 വർഷത്തിനിടെ ഏറ്റവും ശക്‌തമായ മഴ. ജനജീവിതം സ്തംഭിച്ചു.

അബുദാബി: രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്‌തമായ കൊടുങ്കാറ്റിനും മഴയ്ക്കുമാണ് ഇന്നലെ അബുദാബി സാക്ഷ്യം വഹിച്ചത്. അരമണിക്കൂറാണ് ശക്‌തമായ മഴയോടൊപ്പം കാറ്റ് വീശിയടിച്ചത്. ഒട്ടേറെ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തു. കാലാവസ്‌ഥാ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ അബുദാബിയിലെ എല്ലാ സ്‌കൂളുകൾക്കും എജ്യൂക്കേഷൻ കൗൺസിൽ അവധി. ഇന്നും മഴ തുടരുമെന്ന് റിപ്പോർട്ട്‌ ഉള്ളതിനാൽ രാജ്യം മുഴുവനുള്ള സ്കൂളുകൾക്ക് അവധി നല്കിയിരിക്കുകയാണ്. 12 മണിയോടെ ആരംഭിച്ച ശക്തമായ കാറ്റിൽ നൂറുകണക്കിനു വൃക്ഷങ്ങൾ ഒടിഞ്ഞും കടപുഴകിയും നിലംപൊത്തി. കെട്ടിടത്തിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കും ഡിഷ് ആന്റിനകളും ഉയരമുള്ള ഫ്‌ളാറ്റുകളുടെ ചില്ലു ജനലുകളുമെല്ലാം കാറ്റിൽ പറന്നു നിലത്തുവീണു. റോഡു വക്കിലെയും കെട്ടിടത്തിന്റെ മേൽക്കൂരയിലെയും പരസ്യ ബോർഡുകൾ വീണ് ഒട്ടേറെ കാറുകൾ തകർന്നു. സിഗ്നലുകൾ പണി മുടക്കി. അബുദാബി ടാക്‌സി സ്‌റ്റാൻഡിലും ബസ് സ്റ്റേഷനിലും വൻ തോതിൽ നാശനഷ്‌ടമുണ്ടായി.

ദുബായ് അൽഖൂസിലെ താഴ്‌ന്ന പ്രദേശങ്ങളിലെ ഓഫിസുകളിലും ഗോഡൗണുകളിലും വെള്ളം കയറി. കാലാവസ്‌ഥാമാറ്റം കണക്കിലെടുത്തു പല ഓഫിസുകൾക്കും അവധിനൽകി. വീട്ടിലേക്കു മടങ്ങാൻ പാർക്കിങ്ങിൽ എത്തിയവർ കണ്ടത് വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ. ഷാർജയിൽ നിന്നു രാവിലെ ദുബായിലെ ഓഫിസിലെത്തിയവർ  അവധികിട്ടിയതിനെ തുടർന്നു ടാക്‌സികളിൽ മടങ്ങിയെങ്കിലും ഗതാഗതക്കുരുക്കിൽ കുടുങ്ങി. മെട്രോയിൽ വൻതിരക്ക് അനുഭവപ്പെട്ടു. ഗ്ലോബൽവില്ലേജ് ഇന്നലെ അടച്ചിട്ടു.

അബുദാബി വിമാനത്താവളത്തിൽ പല സർവീസുകളും വൈകിയെങ്കിലും വൈകിട്ടോടെ സാധാരണ നിലയിലായി. രാവിലെ പുറപ്പെടേണ്ട പത്തു സർവീസുകളാണു വൈകിയത്. ഇവിടെയിറങ്ങേണ്ട ഏഴുവിമാനങ്ങൾ അൽഐൻ വിമാനത്താവളത്തിലേക്കും മൂന്നുവിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും ഒരെണ്ണം മസ്‌കറ്റിലേക്കും തിരിച്ചുവിട്ടു. ദുബായ്, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലും വിമാനങ്ങൾ വൈകി. ദുബായ് ഡിസ്‌കവറി ഗാർഡൻസ്, ജബൽഅലി വ്യവസായമേഖല, അറേബ്യൻ റേഞ്ചസ്, അൽഖൂസ്, ഷാർജ വ്യവസായ മേഖലകൾ എന്നിവിടങ്ങളെല്ലാം വെള്ളത്തിലായി.

Read more

കുവൈറ്റിലും ഉഴവൂര്‍ കൂട്ടായ്മ ആരംഭിക്കുന്നു.

കുവൈറ്റിലും ഉഴവൂര്‍ കൂട്ടായ്മ ആരംഭിക്കുന്നു.കുവൈറ്റിലെ ഉഴവൂര്‍ പഞ്ചായത്ത് നിവാസികള്‍ ഒരുമിച്ചുകൂടുവാനും, സൗഹൃദം പുതുക്കാനുമായി ഞങ്ങള്‍ ഉഴവൂര്‍ക്കാര്‍ എന്ന ഒരു കൂട്ടായ്മ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പൊതുയോഗം ഏപ്രില്‍ 1ാം തിയതി രാവിലെ 11 മണിക്ക് കുവൈറ്റിലെ അബ്ബാസിയ ഹൈ ഡൈന്‍ ഹോട്ടലില്‍ വച്ച് ഒന്നിച്ചുകൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ചെറിയ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മെംമ്പേഴ്‌സിനെ ഒന്നിപ്പിക്കുകയും, പ്രാരംഭ നടപടികളുടെ ഭാഗമായി റോബിന്‍ വെട്ടത്തുകണ്ടത്തിലിന്റെ ഭവനത്തില്‍ ഒരു ആലോചന യോഗം ചേരുകയും 15ല്‍ പരം ഉഴവൂര്‍ സ്വദേശികള്‍ പങ്കെടുക്കുകയും ചെയ്തു. ഈ ആലോചനാ യോഗ തീരുമാന പ്രകാരമാണ് ഏപ്രില്‍ 1ന് ആദ്യ സംഗമം നടത്തുക. ഈ സംഗമത്തിലേയ്ക്ക് മുഴുവന്‍ ഉഴവൂര്‍ പഞ്ചായത്ത് നിവാസികളായ കുവൈറ്റിലെ താമസക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സംഗമത്തിന്റെ പരിപാടികളുടെ കോര്‍ഡിനേറ്റര്‍മാരായി ആദ്യ ആലോചന യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. സംഗമത്തിലേയ്ക്ക് ഉഴവൂരുകാരായവരാണെങ്കിലും മറ്റു സ്ഥലങ്ങളിലേയ്ക്ക് കെട്ടിച്ചയയ്ക്കപെട്ടവരായി കുവൈറ്റില്‍ താമസിക്കുന്നവരേയും ക്ഷണിക്കുന്നതിനും തീരുമാനിച്ചു.സംഗത്തിന് ഉചിതമായ ഒരു പേര് നിര്‍ദേശിക്കണമെന്ന് അംഗങ്ങളോട് കോര്‍ഡിനേറ്റേഴ്‌സ് അഭ്യര്‍ത്ഥിച്ചു. സംഗമത്തിന് ഒരു ലോഗോ തയ്യാറാക്കുന്നതിന് അനീഷ് സ്റ്റീഫന്‍ പറത്താത്തിനേയും, അംഗങ്ങളുടെ ലിസ്റ്റ തയ്യാറാക്കുന്നതിന് അനൂപ് കരമ്യാലിനേയും,അംഗത്വ ഫോം തയ്യാറാക്കുന്നതിന് മധു കപ്പടയിലിനേയുംചുമതലപെടുത്തി. റിനോ തെക്കേടത്ത്, ജോസ് ടോം പറത്താത്ത്, റ്റിജി ഇലവുങ്കല്‍, ജെയിംസ് കുടിലില്‍, ടൈറ്റസ് പടപ്പംമാക്കീല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Read more

കനത്ത മഴ; അബുദാബി വിമാനത്താവളം അടച്ചു. സ്കൂളുകൾക്ക് അവധി.

അബുദാബി​∙ കനത്ത മഴയെത്തുടർന്ന് അബുദാബി വിമാനത്താവളം അടച്ചു. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ട നിലയിലാണ്. കാറുകളും വാഹനങ്ങളും കനത്തമഴയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും നാളെ (വ്യാഴം) ഗവൺമെന്റ്  അവധി പ്രഖ്യാപിച്ചു.

അബുദാബിയിൽ മുസഫ, ഖലീഫാ സിറ്റി, ബനിയാസ്, ഷഹാമ, മേഖലകളിൽ ദിവസങ്ങളായി മഴ തുടരുകയാണ്. മുസഫയിലും മഫറഖിലും കനത്ത മഴയെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഈ മേഖലകളിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഓഫീസുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലുള്ള ഫാക്ടറികളുടെ പ്രവര്‍ത്തനം കനത്ത മഴയെ തുടര്‍ന്ന് നിർത്തി വച്ചു. രാജ്യത്തെ മിക്ക എമിറേറ്റുകളിലും വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയെ തുടർന്ന് ദുബായിലും ഷാർജയിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പല ഇടങ്ങളിൽ നിന്നും റോഡ്‌ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read more

ദുബായ് ക്നാനായ കുടുംബയോഗത്തിന് പുതു നേതൃത്വം

ദുബായ്: ദുബായ് ക്നാനായ കുടുംബയോഗത്തിന് പുതു നേതൃത്വം. റെജി തോമസ്‌ വടകര പ്രസിഡണ്ടായും, ലൂക്കോസ് എരുമെലിക്കര സെക്രട്ടറിയായും, ബിജിമോന്‍ അറക്കല്‍ ട്രഷററായും തെരെഞ്ഞെടുക്കപെട്ടു. മനു നടുവത്ര വൈസ് പ്രസിഡണ്ടായും അലക്സാണ്ടര്‍ മേരിവില്ല ജോയിന്റ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപെട്ടു.

Read more

അബുദാബിയിൽ കനത്ത മഴ തുടരുന്നു; സ്കൂളുകൾക്ക് അവധി.

അബുദാബി: യുഎഇ തലസ്‌ഥാന നഗരിയിലും പരിസരങ്ങളിലും കഴിഞ്ഞ മൂന്നു ദിവസമായി ഇടിമിന്നല്ലോട് കൂടിയ ശക്‌തമായ മഴ തുടരുന്നു. നഗരത്തിനകത്തും പുറത്തും പല റോഡുകളിലും വെള്ളക്കെട്ടും ഗതാഗതതടസ്സവുമുണ്ടായി. മുസഫ വ്യവസായ നഗരിയിലെ ചില വെയർഹൗസുകളും ഓഫിസ് മന്ദിരങ്ങളും മഴയിൽ ചോർന്നൊലിച്ചു. അണ്ടർഗ്രൗണ്ട് കാർ പാർക്കുകളിലേക്ക് വെള്ളം കുത്തിയൊലിച്ചിറങ്ങിയതിനെ തുടർന്ന് നഗരാതിർത്തിയിലെ പല കെട്ടിടങ്ങളിലെയും ഭൂഗർഭ പാർക്കിങ് സംവിധാനം തകരാറിലായി. രാജ്യത്താകമാനം മൂടിക്കീട്ടിയ അന്തരീക്ഷമാണ്. അലൈനിലും, ദുബായിലും, വടക്കൻ എമിരേറ്റുകളിലും നല്ല മഴ പെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ അബുദാബിയിലെ എല്ലാ സ്കൂളുകൾക്കും അബുദാബി എട്യുക്കെഷൻ കൌൺസിൽ ഇന്ന് (ബുധൻ) അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് രൂപപ്പെട്ട ന്യൂനമർദമാണ് ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴക്ക് കാരണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ ഈ അവസ്ഥ തുടരുമെന്നും വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്നും തിരമാലകൾ ഉയർന്നു അടിക്കാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ കടലിൽ ഇറങ്ങരുതെന്നും, മീൻ പിടിക്കാൻ പോകരുതെന്നും അധികൃതർ അറിയിച്ചു.

Read more

കടുവയിറങ്ങിയ ദോഹ.

ദോഹ: ദോഹയില്‍ അല്‍ റയാന്‍ മേഖലക്കടുത്തുള്ള ഹൈവേയില്‍ ഇറങ്ങിയ കടുവ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഹൈവേയിലെ കാറുകള്‍ക്കിടയിലൂടെ ഓടുന്ന കടുവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതോടെ നിരവധി പേര്‍ കടുവക്കായി തിരിച്ചലിനിറങ്ങി. 

തിരച്ചിലാരംഭിച്ചിട്ടും കടുവയെ കണ്ടെത്താന്‍ കഴിയാതെ തിരച്ചിലുകാര്‍ക്ക് മടങ്ങേണ്ടി വന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയുമായി സോഷ്യല്‍ മീഡിയയില്‍ തന്നെ ഒരു ട്വീറ്റെത്തി. നാലഞ്ചുപേര്‍ ചേര്‍ന്ന് കടുവയെ ചങ്ങലക്കിട്ട് വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന ചിത്രമായിരുന്നു അത്. കടുവയെ ഉടമ കണ്ടെത്തിയെന്ന സമാധാനത്തോടെ ദോഹയില്‍ ജനജീവിതം വീണ്ടും സാധാരണമായി. പക്ഷെ ഹൈവേയിലൂടെയുള്ള കടുവയുടെ സൈ്വരവിഹാരവും പൂച്ചയെപ്പോലെയുള്ള നടത്തവുമെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. കടുവയെ ചങ്ങലക്കിട്ട് ഹൈവേക്ക് അരികില്‍ നില്‍ക്കുന്ന ഉടമസ്ഥന്റെ ചിത്രവും ഇതിലുണ്ട്.

കടുവയെയും സിംഹത്തെപ്പോലെയുമുള്ള വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണെങ്കിലും ചിലരൊക്കെ ഇത്തരം മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ചീറ്റപ്പുലിക്കുട്ടിയും ഉടമസ്ഥന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ദുബായില്‍ നിരത്തിലിറങ്ങിയിരുന്നു. ഖത്തറിലെ നിയമം അനുസരിച്ച് വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ആറ് മാസം തടവും 1000 ഖത്തര്‍ റിയാല്‍ മുതല്‍ 10000 ഖത്തര്‍ റിയാല്‍ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്.

Read more

ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് മലയാളികളടക്കം ആയിരത്തോളം ആളുകളെ പിരിച്ചു വിട്ടു

ദോഹ: ഖത്തറിലെ ദേശീയ കന്പനിയായ ഖത്തർ പെട്രോളിയത്തിൽ നിന്ന് ആയിരത്തോളം ഇന്ത്യക്കാരെ പിരിച്ചു വിട്ടതായി വിദേശ കാര്യ സഹമന്ത്രി ജന. വി.കെ. സിംഗ് രാജ്യസഭയെ അറിയിച്ചു. എണ്ണ വിലയിടിവ് കാരണം ഗൾഫ്‌ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളും ഗവന്മേന്റുകളും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് മലയാളികൾ അടക്കം നിരവധി പേർക്ക് ജോലി നഷ്ടമായത്.

Read more

ഒമാനിലും യു.എ.ഇ. യിലും ഒരാഴ്ചത്തേക്ക് മഴയും കാറ്റും: ജനങ്ങൾക്ക് മുന്നറിയിപ്പ്

മസ്കറ്റ്: ഒമാനിലും യു.എ.ഇ. യിലും ഇടിയോടു കൂടിയ കനത്ത മഴക്കും, ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കാൻ ഒമാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ വെല്ലപ്പൊക്കതിനും സാധ്യത ഉണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. പ്രദേശത്ത് അനുഭവപ്പെടുന്ന ന്യൂന മർദമാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണം. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, കടൽ പ്രക്ഷുബ്ധമായി തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യത ഉള്ളതിനാൽ മീൻ പിടുത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read more

ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ വടംവലി ടീമിനെ ആദരിച്ചു

ദോഹ: ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍െറ കീഴിലുള്ള വടംവലി ടീമിന്‍െറ ഒന്നാമത് വാര്‍ഷികം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടത്തി.യോഗത്തില്‍ ടീം അംഗങ്ങളും സെലക്ഷന്‍കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.ഇതിനോടകം ഖത്തറില്‍ വടംവലിയിലെ പ്രമുഖ ടീമായി QKCA മാറികഴിഞ്ഞു.കഴിഞ വര്‍ഷം നടന്ന ഏഴു ടൂര്‍ണമെന്‍റുകളില്‍ ടീമിന് സമ്മാനം നേടുവാന്‍ കഴിഞ്ഞു. ടീം പ്രസിഡന്‍റ് ടീസന്‍ കെ. മാത്യു, ടീം മാനേജര്‍ ഷിബു മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി ചീഫ്് ജോസ് കുര്യന്‍, ടീം സെക്രട്ടറി മാത്യൂസ് ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.മികച്ച ടീം ക്യാപ്റ്റനായ സിബി ഏബ്രാഹം, മികച്ച മുന്‍നിരക്കാരന്‍ സനീഷ് ഫിലിപ്പ്, മികച്ച പിന്‍നിരക്കാരന്‍ ബിനു സ്റ്റീഫന്‍, മികച്ച കോച്ച് സ്മിതു ജോസ് എന്നിവരെയും ടീം അംഗങ്ങളെയും ഉപഹാരം നല്‍കി ആദരിച്ചു.

Read more

അല്മാസ് കുവൈറ്റിന് പുതിയ നേതൃത്വം

കുവൈറ്റ്‌: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് കോളേജിന്റെ അലുമിനി അസോസിയേഷനായ അല്മാസിന്റെ കുവൈറ്റ് യൂണിറ്റിന് പുത്യ നേതൃത്വം. നിബിന്‍ ലൂക്കോസ് ചെയര്‍മാനായും ജിജോ തോമസ്‌ ജെന. സെക്രട്ടറിയായും അനീഷ്‌ ഐസക് ട്രഷറര്‍ ആയും തെരെഞ്ഞെടുക്കപെട്ടു. മറ്റ് ഭാരവാഹികള്‍ ഇവര്‍.

അനില്‍ ടി ജോയി - വൈസ് ചെയര്‍മാന്‍ & ആര്‍ട്സ് ക്ലബ് കണ്‍വീനര്‍

അനില്‍ ജോസഫ് - ജോ. സെക്രട്ടറി

ടിറ്റോ മോന്‍ മാത്യൂ - ജോ ട്രഷറര്‍.

Read more

ഫേസ്ബുക്ക് സൗഹൃദസംഗമം ഇന്ന്


റിയാദ്: വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും സംവാദങ്ങള്‍ നടത്തുകയും പരസ്പരം കളിയും ചിരിയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കു നേരിട്ട് കാണുന്നതിനും സൗഹൃദം കൂടുതല്‍ ഈടുറ്റതാക്കുന്നതിനുമായി റിയാദ് ടാക്കീസ് സാഹചര്യമൊരുക്കുന്നു. റിയാദില്‍  സംഘടിപ്പിക്കുന്ന "ഫേസ് 2 ഫേസ്" ഫേസ്ബുക്ക് സൗഹൃദസംഗമം നേരിട്ട് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പല സുഹൃത്തുക്കളുടേയും സംഗമവേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയില്‍ കുട്ടികളും രക്ഷിതാക്കളും സമൂഹവും മനസിലാക്കിയിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംവദിക്കുന്ന "4ജി ബാല്യം" എന്ന പരിപാടിയും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ചേര്‍ന്നു അണിയിച്ചൊരുക്കിയ ലൈലായ്ക്ക് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും ഹാസ്യകലാവിരുന്നും ഉണ്ടായിരിക്കും. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍  വൈകുന്നേരം നാലു മുതലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0531030310, 0501342347, 0533309118, 0506903079, 0559374233 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read more

തനിമയിൽ ഒരുമയിൽ ദുബായിൽ ക്നാനായ കുടുംബയോഗം

ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ഈ വർഷത്തെ ആദ്യ ജനറൽ ബോഡി ഫെബ്രുവരി 19 ന് അൽ ഖ്വസൈസ് ഡയാനാട്രേഡ് പാർട്ടിഹാളിൽ വച്ച് നടത്തി. യോഗത്തിൽ പോയ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതോടൊപ്പം ഈ വർഷം കുടുംബയോഗത്തെ നയിക്കാൻ പുതിയ ഭാരവാഹികളെയും  കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

കുടുംബനാഥൻ ശ്രീ. ജോപ്പൻ ഫിലിപ്പ് മണ്ണാട്ട്പറമ്പിൽ അധ്യക്ഷനായ യോഗത്തിൽ പ്രൊഫ. ഇ. പി മാത്യു മുഖ്യാഥിത്വം വഹിച്ചു. മുൻ കുടുംബനാഥനും UAE കോ-ഓർഡിനേഷൻ മെമ്പറുമായ ജോസലിൻ ജോസ് പ്ലാത്താനത്ത് യോഗത്തിന് സ്വാഗതം ആശംസിച്ചു. തുടർന്ന് സെക്രട്ടറി മനു എബ്രഹാം നടുവത്തറ ആനുവൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ചടങ്ങിൽ UAE കോ-ഓർഡിനേഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വി. സി വിൻസന്റ് വലിയവീട്ടിൽ, ദുബായ് ക്നാനായ യങ്ങ് അടൽട്ട്സ് പ്രസിഡന്റ് അരുൺ തോമസ്‌ വെട്ടിമുഗൾ എന്നിവർ കുടുംബയോഗത്തിന് ആശംസ അർപ്പിച്ചു. തുടർന്ന് ശ്രീ. ഷാജി വെങ്ങചെരീൽ പോയവർഷം മരണമടഞ്ഞ   കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു.

തന്റെ അധ്യക്ഷ പ്രസംഗത്തിൽ കുടുംബനാഥൻ ശ്രീ ജോപ്പൻ മണ്ണാട്ട് പറമ്പിൽ, കഴിഞ്ഞ വർഷം ദുബായ് യൂണിറ്റ് ആഥിത്യമരുളിയ UAE ആനുവൽ ഒരു വൻ വിജയമാക്കിയതിന് എല്ലാ കുടുംബാംഗങ്ങക്കും നന്ദി രേഖപ്പെടുത്തി. ശാരീരികമായ ബുദ്ധിമുട്ടുകൾ മറന്ന് യോഗത്തിൽ സംബന്ധിച്ച പ്രൊഫ. ഇ. പി മാത്യുവിന്റെ പ്രസംഗം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഊർജ്ജമേകി.

തുടർന്ന്, കുടുംബയോഗത്തിലെ മുതിർന്ന അംഗവും, KCC ME & b DKCC അംഗവുമായ ടോമി സൈമൺ നെടുങ്ങാടിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

2016-17 വർഷത്തെ കുടുംബയോഗം പ്രസിഡണ്ടായി ശ്രീ. റെജി തോമസ്‌ വടകരയും, സെക്രട്ടറിയായി ലൂകോസ് എസ്സ് തോമസ്‌ എരുമേലിക്കരയും ട്രഷറർ ആയി ബിജുമോൻ ചാക്കോ അറക്കലും തിരഞ്ഞെടുക്കപ്പെട്ടു. KCC UAE ചെയർമാൻ ആയി വി. സി വിൻസന്റ് വലിയവീട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു.

UAE കോർഡിനേഷൻ മെമ്പർ ആയി ജോളിൻ ജോസ് പ്ലാത്തത് നിയമിതനായി. KCCME/ DKCC ഡെലിഗേറ്റുകളായി ജോപ്പെൻ ഫിലിപ്പ് മണ്ണാട്ട്പറമ്പിൽ,  ടോമി സൈമൺ നെടുങ്ങാട്ട് എന്നിവരും തിരഞ്ഞെടുക്കപെട്ടപ്പോൾ , വൈസ് പ്രസിഡണ്ടായി  മനു എബ്രഹാം നടുവത്തറയും Jt. സെക്രട്ടറിയായി അലക്സാണ്ടർ കുരിയാക്കോസും നിയമിതരായി. ഈ വർഷത്തെ എന്റർട്ടൈൻമെൻറ് കോർഡിനേറ്റർമാരായി ജോബി ജോസ് വല്ലീനയിലും, രഞ്ജു ജോസ് കൊയിത്തറയും തിരഞ്ഞെടുക്കപ്പെട്ടു.

Read more

ഖത്തര്‍ കൊടുങ്കാറ്റിന്റെ ഭീഷണിയില്‍


ഖത്തര്‍: ഖത്തറില്‍ കൊടുങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു ഇതിന് പുറമേയാണ് ഇപ്പോള്‍ കൊടുങ്കാറ്റ് മുന്നറിയിപ്പും വന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച്ച ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Read more

ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ 19 കാറുകള്‍ കത്തിനശിച്ചു


ഷാര്‍ജ: ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ കാര്‍പാര്‍്ക്കില്‍ ഇന്നലെ രാവിലെ 11 ന് 19 വാഹനങ്ങള്‍ കത്തിനശിച്ചു. വനിതാവിഭാഗത്തിലെ കാര്‍ പാര്‍ക്കിലാണ് അഗ്നിബാധ ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. വന്‍നാശനഷ്ടമാണ് കണക്കാക്കുന്നത്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.

Read more

മോളി പോളി മാത്യുവിന് ദോഹയില്‍ ആദരവ്


ദോഹ: പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന സാമൂഹിക പ്രവര്‍ത്തക മോളി പോളി മാത്യുവിന് മലയാളികളുടെ സ്‌നേഹോഷ്മളമായ ആദരവ്. ഹമദ് ഹോസ്പിറ്റലില്‍ സീനിയര്‍ നേഴസായി 35 വര്‍ഷമായി സേവനം ചെയ്യുകയായിരുന്നു മോളി. ഖത്തറില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനായി ക്ലീന്‍ചെയ്ത്  അന്ത്യകര്‍മ്മങ്ങള്‍ക്കായി ഒരുക്കുന്നത് മോളിയായിരുന്നു. 25 വര്‍ഷമായി തുടരുന്ന ഈ സേവനങ്ങളെ മാനിച്ചുകൊണ്ടാണ്  വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മോളിയെ ആദരിച്ചത്.

Read more

ലുലുവില്‍ ഏഴുനാള്‍ ഈജിപ്ഷ്യന്‍ ഫെസ്റ്റിവല്‍


റിയാദ്: കുറഞ്ഞ സമയം കൊണ്ട് സൗദി അറേബ്യയിലെ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്ത ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇനി ഏഴു നാളുകള്‍ ഈജിപ്ഷ്യന്‍ ഫെസ്റ്റിവല്‍. അറബ് നാടുകളില്‍ ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യം കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ഈജിപ്തില്‍ നിന്നുള്ള വിവിധയിനം പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ചതും അല്ലാത്തതുമായ ഭക്ഷ്യോത്പന്നങ്ങളും ഈ ദിവസങ്ങളില്‍ ലുലുവില്‍ ലഭ്യമായിരിക്കും.

മേളയുടെ ഉദ്ഘാടനം റിയാദിലെ ഈജിപ്ഷ്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ഇഹാദ് സുലൈമാന്‍ നിര്‍വഹിച്ചു.

ഈജിപ്തില്‍ നിന്നുള്ള വിവിധയിനം പാല്‍ ഉത്പന്നങ്ങളും പഴങ്ങളും ഭക്ഷണപ്രിയര്‍ക്ക് ഏറെ പ്രിയങ്കരമായ ഈജിപ്ഷ്യന്‍ ഭക്ഷ്യവിഭവങ്ങളും മേളയില്‍ ഉണ്ടായിരിക്കും. ഈജിപ്ഷ്യന്‍ ഒലിവ്, വിവിധയിനം അച്ചാറുകള്‍, മത്‌സ്യങ്ങള്‍ എന്നിവ ഒരാഴ്ച ഏറ്റവും വിലക്കുറവില്‍ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമായിരിക്കും.

ഈജിപ്ഷ്യന്‍ മേളയോടനുബന്ധിച്ച് റിയാദിലെ ഈജിപ്ഷ്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ചിത്രരചനാ മത്‌സരവും സംഘടിപ്പിക്കുന്നുണ്ട്.

Read more

Copyrights@2016.