india
അതിരൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ജില്ലാ ആശുപത്രിക്ക് ബെഗി കാറുകള്‍ നല്‍കുന്നതെന്ന് മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ജില്ലാ ആശുപത്രിക്ക് കുന്നശ്ശേരി പിതാവിന്റെ പേരില്‍ രണ്ട് ബെഗി കാറുകള്‍ സംഭാവന നല്‍കുന്നതെന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത. മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒന്നാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിക്ക് അതിരൂപത നല്കിയ കാറുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രിയുടെ വികസനത്തില്‍ രൂപത പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൂളപ്പറമ്പില്‍ പിതാവിന്റെ പേരില്‍ വാര്‍ഡ് നിര്‍മിച്ചു നല്കിയതും കുന്നശ്ശേരി പിതാവിന്റെ മെത്രാഭിഷേക ജൂബിലിയുടെ ഭാഗമായി 150 കട്ടിലും ബെഡും ആശുപത്രിക്ക് നല്കിയതും മാര്‍ മൂലക്കാട്ട് അനുസ്മരിച്ചു. കൂടാതെ ആശുപത്രിയില്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ രണ്ട് സിസ്റ്റേഴ്സ് സൗജന്യ സേവനം നല്‍കുന്നതും അതിരൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി വികസനത്തിന് കോട്ടയം അതിരൂപത നല്കുന്ന സംഭാവനകള്‍ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. വിദ്യാഭ്യാസ, ആതുര ശുശ്രൂഷാ രംഗത്ത് കുന്നശ്ശേരി പിതാവ് ആരംഭിച്ച സ്ഥാപനങ്ങള്‍ കോട്ടയത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന് എക്സ് എം.എല്‍.എ, സാബു പുളിമൂട്ടില്‍, ലീലാമ്മ ജോസഫ്, ടി.സി റോയി , ഡോ. ജേക്കബ് വര്‍ഗീസ്, ഡോ. വ്യാസ് സുകുമാരന്‍, ഡോ. ആര്. ബിന്ദുകുമാരി, ഡോ. ജെസി ജോയി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു