india

മുത്തോലത്ത് ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന് ക്‌നാനായവോയ്‌സിലും KVTV ലും തത്സമയ സംപ്രേഷണം

Tiju Kannampally  ,  2017-02-14 01:12:07amm

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും സാമൂഹ്യസേവന ശുശ്രൂഷ ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സമരിറ്റന്‍ സംഗമത്തിന്റെ ഉദ്ഘാടനവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നാളെ (ഫെബ്രുവരി 14) നിര്‍വ്വഹിക്കും. ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനായിരിക്കും. അന്ധതയും ബധിരതയും നേരിടുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസത്തിനായുള്ള കേരളത്തിലെ ആദ്യ റിസോഴ്‌സ് സെന്ററാണ് ഗുഡ് സമരിറ്റന്‍ സെന്റര്‍. അന്ധ-ബധിര വ്യക്തികളുടെ  പരിചരണത്തിനായി വിദഗ്ദ്ധ പരിശീലനം പൂര്‍ത്തിയാക്കിയ അദ്ധ്യാപകരുടെ സേവനത്തോടൊപ്പം സെന്ററിലൂടെ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗണ്‍സലിംഗ് സൗകര്യങ്ങള്‍, യോഗപരിശീലനങ്ങള്‍, വിദ്യാഭ്യാസ പരിശീലനങ്ങള്‍, ഇത്തരം ശാരീരിക വൈകല്യമുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള വരുമാന സംരംഭകത്വ പരിശീലനങ്ങള്‍, വൈകല്യം ശാസ്ത്രീയമായി കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ്, ഇന്ദ്രിയ ക്ഷമത മെച്ചപ്പെടുത്തുന്നതിനായുള്ള സെന്‍സറി പാര്‍ക്ക്, സെന്‍സറി റൂം തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. അന്ധ-ബധിര വൈകല്യം അനുഭവിക്കുന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ നൂറിലധികം പേര്‍ക്ക് സെന്ററിലൂടെ സേവനം ലഭ്യമാക്കി വരുന്നു. കൂടാതെ കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അന്ധ-ബധിരത കണ്ടെത്തുന്നതിനും അത്തരം കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള വിദഗ്‌ദ്ധോപദേശവും ലഭ്യമാക്കി വരുന്നു. മാനവശേഷി വികസനത്തിനായുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തന തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനായാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ ഓഡിറ്റോറിയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അന്ധബധിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇതര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സുസ്ഥിരതയും കാര്യക്ഷമതയും ഉറപ്പുവരുത്തുവാന്‍ ഈ ഓഡിറ്റോറിയം വഴിയൊരുക്കും.

സമ്മേളനത്തില്‍ ചിക്കാഗോ അഗാപ്പെമൂവ്‌മെന്റിന്റെ സഹകരണത്തോടെ കെ.എസ്.എസ്.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാലാമത് ഗുഡ്‌സമരിറ്റന്‍ ദേശീയ അവാര്‍ഡ്, കല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍കൂര്‍ കലയെന്ന സന്നദ്ധസംഘടനയുടെ സ്ഥാപക ആനി ജോസഫിന് സമ്മാനിക്കും.  മിയാവ് രൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍, കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചിക്കാഗോ രൂപത സോഷ്യല്‍ സര്‍വ്വീസിന്റെയും അഗാപ്പെ മൂവ്‌മെന്റിന്റെയും ഡയറക്ടര്‍ റവ. ഫാ. എബ്രാഹം മുത്തോലത്ത്, മോന്‍സ് ജോസഫ് എം.എല്‍.എ, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവി ജെ, കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഫാ. മൈക്കിള്‍ എന്‍.ഐ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി അബ്രാഹം കെ.എസ്.എസ്. എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സുജിത് കാഞ്ഞിരത്തുമ്മൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

 

 

 

 

 

     

 

 Latest

Copyrights@2016.