america

പ്രവീൺ വധക്കേസ് പ്രതി ഗേക് ബെഥൂണ്‍ പിടിയിൽ

Editor  ,  2017-07-14 02:35:18amm

ഷിക്കാഗോ: അമേരിക്കയിലെ മലയാളി സമൂഹത്തെ നടുക്കിയ പ്രവീണ്‍ വധക്കേസില്‍ മൂന്നു വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍. സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ക്രിമിനോളജി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിനെ കൊലപ്പെടുത്തി കേസില്‍ 22 വയസുകരനായ ഗേജ് ബഥൂണ്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം പോലീസ് ബഥൂണിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. 2014 ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

praveen

ഗ്രാന്‍ഡ് ജൂറി ചേര്‍ന്ന് ബഥൂണ്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിന തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. മോഷണം, ബോധപൂര്‍വമായ ആക്രമണം എന്നീ ചാര്‍ജുകളിലായി ഫസ്റ്റ് ഡിഗ്രി മര്‍ഡറാണ് ബഥൂണിനെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് ആദ്യഘട്ടത്തില്‍ അധികൃതര്‍ കുഴിച്ചു മൂടിയ കേസ് പുറത്തു കൊണ്ടുവന്ന് യഥാര്‍ഥ പ്രതിയെ കുടുക്കിയത്. പ്രോസിക്യൂട്ടര്‍ ഡേവിഡ് നീലും സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.

2015 ഫെബ്രുവരിയില്‍ ആദ്യ ഗ്രാന്‍ഡ് ജൂറി ഈ കേസില്‍ ആരും കുറ്റക്കാരനല്ലെന്ന് വിധിയെഴുതിയതാണ്. പക്ഷേ, പ്രവീണിന്റെ കുടുംബവും മലയാളി സമൂഹവും നടത്തിയ നിരന്തരമായ പോരാട്ടത്തിനൊടുവില്‍ ഈ കേസ് അന്വേഷിക്കുവാന്‍ വീണ്ടും പ്രോസിക്യൂട്ടറെ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തില്‍ സഹായിക്കുന്നതിന് എഫ്.ബി.ഐ യുടെ സഹായം തേടിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍ നിരവധി പേരെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പ്രവീണ്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പോയി രാത്രി മടങ്ങി വരവേയാണ് ബഥൂണ്‍ അപായപ്പെടുത്തിയത്.

ഒരു ഗ്രാന്‍ഡ് ജൂറി അവസാനിപ്പിച്ച കേസ് വീണ്ടും പരിഗണനയ്ക്ക് എടുക്കുന്നത് വളരെ അസാധാരണ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബഥൂണ്‍ ഒരാളെ ചുമലില്‍ എടുത്തു കൊണ്ടുപോകുന്നതിന്റെ വീഡിയോ വരെ ലഭിച്ചിട്ടും കേസ് ഒതുക്കി തീര്‍ക്കാനാണ് അധികൃതര്‍ ആദ്യഘട്ടങ്ങളിലെല്ലാം ശ്രമിച്ചിരുന്നത്. ബഥൂണിന് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യത്തില്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയുകയുള്ളു. കാര്‍ബണ്‍ ഡെയിലില്‍ നിന്ന് 40 മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് സ്വദേശിയാണ് ബഥൂണ്‍. പ്രവീണ്‍ പാര്‍ട്ടിക്കു പോയ അതേ സ്ട്രീറ്റിലുള്ള ഒരു വീട്ടില്‍ ബഥൂണും സംഭവ ദിവസം രാത്രി പാര്‍ട്ടിക്ക് എത്തിയിരുന്നു. പാര്‍ട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോന്ന പ്രവീണിനെ അപായപ്പെടുത്തിയ ശേഷം ബഥൂണ്‍ അടുത്തുള്ള വനത്തില്‍ കൊണ്ടുപോയി ഇട്ടുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ബഥൂണിനെതിരേ ആദ്യം മുതല്‍ സംശയത്തിന്റെ മുന നീണ്ടിരുന്നുവെങ്കിലും അധികൃതര്‍ അതൊക്കെ മൂടിവയ്ക്കുകയായിരുന്നു.Latest

Copyrights@2016.